ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിനെ അടപടലം സമനിലയില്‍ പൂട്ടി ചെന്നൈയിന്‍ എഫ്.സി; പട്ടികയില്‍ ഒന്നാമത്

കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിനെ അടപടലം സമനിലയില്‍ പൂട്ടി ചെന്നൈയിന്‍ എഫ്.സി(3-3). ഗോള്‍ മഴപെയ്ത ആദ്യ പകുതിയില്‍ 3-2ന് ചെന്നൈയിന്‍ മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് സമനില പിടിക്കാനായത് ഏക ഗോളിലൂടെ മാത്രമാണ്. ബ്ലാസ്റ്റേഴ്സിന്റെ ഡയമാന്റകോസും, ചെന്നൈയിന്റെ ജോര്‍ദാന്‍ മുറെയും ഇരട്ട ഗോളുകള്‍ നേടി. പെനാല്‍റ്റിയിലൂടെയായിരുന്നു ഇരുവരുടേയും ഒരോ ഗോളുകള്‍. തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുന്നത്.

ഇന്നത്തെ മത്സര ഫലത്തോടെ എട്ട് കളിയില്‍ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ ഒന്നാമതെത്തി. ഇത്രയും കളിയില്‍ നിന്ന് എട്ട് പോയിന്റോടെ ചെന്നൈയിന്‍ ഏഴാം സ്ഥാനത്ത് തന്നെ തുടരും.

ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ചെന്നൈയിന്‍ ആതിഥേയരെ ഞെട്ടിച്ചിരുന്നു. റഹീം അലിയാണ് സ്‌കോര്‍ ചെയ്തത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ കബളിപ്പിച്ച് റാഫേല്‍ ക്രിവല്ലരോ എടുത്ത ഫ്രീ കിക്കില്‍ ഒന്ന് ടച്ച് ചെയ്യേണ്ട പണിയെ റഹീം അലിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 11-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ തിരിച്ചടിച്ചു.

ഡയമാന്റകോസാണ് പന്ത് വലയിലെത്തിച്ചത്. രണ്ട് മിനിറ്റ് തികയും മുമ്പേ പെനാല്‍റ്റിയിലൂടെ തന്നെ ചെന്നൈയിന്‍ ലീഡ് തിരിച്ചുപിടിച്ചു. ജോര്‍ദാന്‍ മുറെയാണ് പെനാല്‍റ്റി കിക്കെടുത്തത്. 24-ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറെ വീണ്ടും ബ്ലാസ്റ്റേഴ്സ് പോസ്റ്റില്‍ ആഞ്ഞടിച്ച ചെന്നൈയിന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 34-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ കൂടി തിരിച്ചടിച്ചു. അഡ്രിയാന്‍ ലൂണയുടെ പാസില്‍ നിന്ന് ക്വാമി പെപ്രയാണ് തകര്‍പ്പന്‍ ഗോള്‍ നേടിയത്. 59-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് സമനില ഗോള്‍ നേടാനായത്. ബോക്സിന് പുറത്ത് നിന്ന് ഡയമാന്റകോസ് തൊടുത്ത ഇടത് കാല്‍ ഷോട്ട് പോസ്റ്റിന്റെ വലത് മൂലയില്‍ ചെന്ന് പതിച്ചു.

എട്ടുകളിയില്‍ നാലിലും തോറ്റ ചെന്നൈയിന്‍ ട്രാക്ക് മാറുന്നതിന്റെ സൂചനയോടെയാണ് കൊച്ചിയിലെത്തിയിരുന്നത്. ഈ സീസണിലെ ആദ്യ മൂന്നുകളി തോറ്റശേഷം പിന്നീട് രണ്ടു ജയം നേടിയിരുന്നു.

Top