രാഷ്ട്രീയ പ്രവേശം?; മക്കള്‍ മന്‍ഡ്രത്തിന്റെ ഭാരവാഹിയോഗം വിളിച്ച് രജനീകാന്ത്‌

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനെ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം വിളിച്ച് നടന്‍ രജനീകാന്ത്‌. ഇന്നുംനാളെയുമായി ചെന്നൈയിലാണ് ഫാന്‍സ് അസോസിയേഷനായ മക്കള്‍ മന്‍ഡ്രത്തിന്റെ ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

ഇതോടെ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന വാര്‍ത്ത ശക്തമായിരിക്കുകയാണ്. ഏപ്രില്‍14 നു പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിമാരെ താരം ചെന്നൈയിലേക്കു വിളിച്ചിപ്പിരിക്കുന്നത്.

ഇന്നും നാളെയുമായി കോടമ്പാക്കം രഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടക്കുന്ന യോഗത്തില്‍ നിര്‍ബന്ധമായിട്ടും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

പൗരത്വ ഭേഗഗതി നിയമത്തെ കുറിച്ചും അതിനെതിരെ നടക്കുന്ന സമരങ്ങളെ കുറിച്ചും രജനീകാന്ത്‌ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് അഭിപ്രായം തേടുമെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല ഡല്‍ഹി കലാപവും ചര്‍ച്ചയാകും.

അതേസമയം മക്കള്‍ മന്‍ഡ്രത്തിന് ബൂത്തു കമ്മിറ്റികള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന ചര്‍ച്ചയെന്നതാണ് പുറത്തുവരുന്ന വിവരം. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിനുശേഷം കൃത്യമായ രാഷ്ട്രീയ നിലപാടുകളും പ്രഖ്യാപനങ്ങളുമുണ്ടാകുമെന്നാണ് സൂചന.

Top