ചെന്നൈയിന്‍ എഫ് സി സൂപ്പര്‍ താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറുന്നു

blasters

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു പുതിയ താരം കൂടി എത്തുന്നു. ആസാം സ്വദേശിയായ യുവ പ്രതിഭ ബാവോറിങ്ഡാവോ ബോഡോ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. ഐ എസ് എല്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ് സിയില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ ആണ് താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്.

18കാരനായ ബോഡോ ഈ സീസണില്‍ തന്നെ കേരളത്തിന്റെ മറ്റൊരു ദേശീയ ലീഗ് ക്ലബായ ഗോകുലത്തിലും വായ്പാടിസ്ഥാനത്തില്‍ കളിച്ചിട്ടുണ്ട്. ഗോകുലത്തിനായി ഒരു ഗോള്‍ നേടാനും ബോഡോയ്ക്ക് ആയിട്ടുണ്ട്.മുമ്പ് മിനേര്‍വ പഞ്ചാബിലും ലോണില്‍ കളിച്ചിട്ടുണ്ട്. മിനേര്‍വയില്‍ കളിച്ച സീസണില്‍ മുംബൈ എഫ് സിക്കെതിരെ ബോഡോ നേടിയ ഗോള്‍ ഐലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററാക്കി അന്ന് ബോഡോയെ മാറ്റിയിരുന്നു.അന്ന് ഗോള്‍ അടിക്കുമ്പോാള്‍ 17 വയസ്സും മൂന്ന് മാസവും മാത്രമായിരുന്നു ബോഡോയുടെ പ്രായം.

കഴിഞ്ഞ സീസണില്‍ ചെന്നൈയിനൊപ്പം ഐ എസ് എല്ലില്‍ ബോഡോ അരങ്ങേറ്റം നടത്തി. ചെന്നൈയിന്‍ ക്ലബിനായി ഐ എസ് എല്ലില്‍ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡും ബോഡോയുടെ പേരിലാണ്. വിങ്ങറായും ഫോര്‍വേഡായും കളിക്കാന്‍ കഴിവുള്ള താരമാണ് ബോഡോ.

Top