ദേശീയ പൗരത്വ രജിസ്റ്ററും,ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കരുത്: പ്രമേയം പാസാക്കി ഡിഎംകെ

ചെന്നൈ: പൗരത്വത്തിനെതിരെ നിരന്തരം പ്രതിഷേധമുന്നയിക്കുന്നവരാണ് ഡിഎംകെ പാര്‍ട്ടി. ഇപ്പോള്‍ ദേശീയ പൗരത്വ രജിസ്റ്ററും , ജനസംഖ്യാ രജിസ്റ്ററും തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പ്രമേയം പാസാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന ആവശ്യവും പ്രമേയത്തിലുണ്ട്. പാര്‍ട്ടി ഉന്നതതല യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

അതേസമയം സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എന്‍ഡിഎയുമായി ചര്‍ച്ച നടത്തേണ്ട യാതൊരുസാഹചര്യവുമില്ലെന്ന് ഡിഎംകെ നേതാവ് കനിമൊഴി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ചര്‍ച്ചയ്ക്ക് സോണിയ വിളിച്ചതില്‍ നിന്നും ഡിഎംകെ വിട്ടു നിന്നിരുന്നു. എന്നാല്‍ അന്ന് കോണ്‍ഗ്രസുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതോടെ വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെട്ടു.തമിഴ്നാട് അധ്യക്ഷന്‍ കെഎസ് അഴഗിരിയെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി ഹൈക്കമാന്റ് അതൃപ്തി അറിയിച്ചു.

എന്നാല്‍ ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എംകെ സ്റ്റാലിനെ ഫോണില്‍ വിളിച്ച് പ്രശ്‌നത്തില്‍ ഇടപെട്ടതോടെ സഖ്യത്തിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് അഴഗിരി പ്രതികരിച്ചു

Top