ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഇനി കിംഗ് ഇല്ല; ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണി

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്‍ 2024 സീസണ്‍ നാളെ ആരംഭിക്കാനിരിക്കെയാണ് ധോണിയുടെ തീരുമാനം. റുതുരാജ് ഗെയ്ക്വാദിനെ പുതിയ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചു. ധോണിയുടെ നേതൃത്വത്തില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സിഎസ്‌കെ നേടിയിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണിംഗ് മാച്ച് നാളെ ആരംഭിക്കാനിരിക്കെയാണ് ക്യാപ്റ്റന്‍സി മാറ്റം. ഐപിഎല്ലിനു മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ ചടങ്ങില്‍ റുത്തുരാജാണ് എത്തിയത്. ഈ ചിത്രങ്ങള്‍ പങ്കുവെച്ച് സിഎസ്‌കെ പുതിയ ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്വാദിനെ പ്രഖ്യാപിക്കുകയായിരുന്നു.

2019 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അവിഭാജ്യ ഘടകമാണ് റുത്തുരാജ്. ഐപിഎല്ലില്‍ 52 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 133 വിജയങ്ങളുമായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനാണ് ധോണി. 87 വിജയങ്ങളുമായി മുന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ രണ്ടാമതാണ്. അതേസമയം ഈ സീസണിന്റെ അവസാനത്തോടെ ധോണി വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തലമുറ മാറ്റത്തോടെ ഈ റിപ്പോര്‍ട്ട് സത്യമാകാനാണ് സാധ്യത.

Top