ഐപിഎല്‍: ധോണിയും സംഘവും കേരളത്തിലെത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍

ചെന്നൈ: കാവേരി പ്രക്ഷോഭത്തെത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വേദി മാറ്റാനുള്ള തീരുമാനം വന്നതോടെ പ്രതീക്ഷ മുഴുവന്‍ കേരളത്തിനാണ്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിന് പകരം വേദിയാകാന്‍ തിരുവനന്തപുരത്തിന് വീണ്ടും സാധ്യത തെളിഞ്ഞു.

വിവിധ തമിഴ് സംഘടനകളും രാഷ്ട്രീപാര്‍ട്ടികളും ഒന്നടങ്കം ചെന്നൈയില്‍ ഐപിഎല്‍ നടത്തുന്നതിനെതിരെ രംഗ
ത്തുവന്നിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെയാണ് ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ ചെന്നൈയുടെ ആദ്യ ഹോം മത്സരം കഴിഞ്ഞ ദിവസം അരങ്ങേറിയത്. കളിക്കിടെ ഗാലറിയില്‍ നിന്ന് മൈതാനത്തേക്ക് ചെരിപ്പെറിഞ്ഞ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. വരുന്ന മത്സരങ്ങളിലും പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് കരുതുന്നു.

നേരത്ത ചെന്നൈയുടെ ഹോം ഗ്രൗണ്ട് മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വേദിമാറ്റം പരിഗണിച്ച അവസരത്തില്‍ മത്സരങ്ങള്‍ കേരളത്തില്‍ നടത്താനുള്ള സാധ്യത തേടി ബിസിസിഐയും ടീം മാനേജ്‌മെന്റും കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നു. സമ്മതമറിയിച്ച കെസിഎ തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വിട്ടുകൊടുക്കാമെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ചെന്നൈയുടെ മത്സരങ്ങള്‍ അവിടെത്തന്നെ നടക്കുമെന്നും അന്തിമതീരുമാനം ബിസിസിഐയുടേതായിരിക്കുമെന്നുമാണ് മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചത്.

ആദ്യമത്സരത്തിലുണ്ടായ സുരക്ഷാഭീഷണിയെത്തുടര്‍ന്നാകാം വേദിമാറ്റാനുള്ള തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയതെന്നാണ് സൂചന. ഏതായാലും ധോണിയും സംഘവും തിരുവനന്തപുരത്തെത്തുമോ എന്നാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് അറിയേണ്ടത്.

Top