ധോണി ഐപിഎല്‍ 2022 സീസണ്‍ വരെ കളിച്ചേക്കാമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ

ചെന്നൈ: എം എസ് ധോണി ഐപിഎല്‍ 2022 സീസണില്‍ വരെ കളിച്ചേക്കാമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍. ‘ധോണി 2021 ഐപിഎല്ലിലും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ 2022ലും അദേഹം കളിക്കാന്‍ സാധ്യതയുണ്ട്. ഝാര്‍ഖണ്ഡില്‍ ധോണി ഇന്‍ഡോറില്‍ പരിശീലനം നടത്തുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്തായാലും ധോണിയെ കുറിച്ച് ടീമിന് ആശങ്കയില്ലെന്നും കാശിനാഥന്‍ വ്യക്തമാക്കി.

തന്റെ ചുമതലകളെക്കുറിച്ച് ധോണിക്ക് നന്നായി അറിയാം. സ്വന്തം കാര്യവും ടീമിനെയും ധോണി നോക്കിക്കോളുമെന്നും കാശിനാഥന്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി എം എസ് ധോണി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാത്തത് താരത്തിന്റെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു.

ധോണി ടീം ഇന്ത്യക്കായി അവസാന മത്സരം കളിച്ചുകഴിഞ്ഞെന്ന് കരുതുന്നതായി മുന്‍ പേസര്‍ ആശിഷ് നെഹ്റ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിലെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ധോണി ഓഗസ്റ്റ് 14ന് പരിശീലന ക്യാമ്പിനായി ചെന്നൈയിലെത്തും. പതിനഞ്ചിനാണ് ചെപ്പോക്കില്‍ പരിശീലനം ആരംഭിക്കുന്നത്. ധോണിക്കൊപ്പം സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, പീയുഷ് ചൗള, ഹര്‍ഭജന്‍ സിംഗ് എന്നിവരും ക്യാമ്പിലുണ്ടാകും.

Top