ഡൽഹിയെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫിൽ

ന്യുഡൽഹി∙ ഡൽഹി ക്യാപിറ്റൽസിനെ 77 റൺസിന് കീഴടക്കി ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ പ്ലേ ഓഫിൽ. 14 മത്സരങ്ങളിൽനിന്ന് എട്ട് വിജയം സ്വന്തമാക്കിയ ചെന്നൈ 17 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനക്കാരാണ്. ഏകപക്ഷീയമായ മത്സരത്തിൽ ചെന്നൈ ഉയർത്തിയ 224 റൺസ് പിന്തുടർന്ന ഡൽഹി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തില്‍ 146 റൺസ് മാത്രമാണു നേടിയത്.

മറുപടി ബാറ്റിങ്ങിൽ ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയപ്പോൾ പിന്തുണയ്ക്കാനായി സഹതാരങ്ങളാരുണ്ടായിരുന്നില്ല. 58 പന്തുകൾ നേരിട്ട ഡേവിഡ് വാർണർ 86 റൺസെടുത്തു പുറത്തായി. മുൻനിര ബാറ്റർമാരായ പൃഥ്വി ഷാ (ഏഴു പന്തിൽ അഞ്ച്), ഫിൽ സാൾട്ട് (ആറ് പന്തിൽ മൂന്ന്), റിലീ റൂസോ (പൂജ്യം) എന്നിവര്‍ക്കൊന്നും പിടിച്ചുനിൽക്കാനായില്ല.

26 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായ ഡൽഹിയെ ഇന്ത്യൻ താരം യാഷ് ദുലിനെ കൂട്ടുപിടിച്ചാണ് വാര്‍ണർ ഉയർത്തിക്കൊണ്ടുവന്നത്. 15 പന്തിൽ 13 റണ്‍സെടുത്ത യാഷ് ദുലിനെ രവീന്ദ്ര ജഡേജയുടെ പന്തിൽ തുഷാർ ദേശ്പാണ്ഡെ ക്യാച്ചെടുത്തു പുറത്താക്കി. അക്ഷർ പട്ടേൽ എട്ട് പന്തിൽ 15 റൺസുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം അധികം നീണ്ടില്ല. ദീപക് ചാഹറിന്റെ പന്തിൽ ഋതുരാജ് ഗെയ്‍ക്‌വാദിന്റെ ക്യാച്ചിൽ താരം പുറത്തായി. വാലറ്റവും പൊരുതാതെ കീഴടങ്ങിയതോടെ ഡൽഹിയുടെ പോരാട്ടം 146 റൺസിൽ അവസാനിച്ചു.

ഒൻപതാം തോൽവി വഴങ്ങിയ ‍ഡൽഹി പത്ത് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. ചെന്നൈ സൂപ്പർ കിങ്സിനായി ദീപക് ചാഹർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മഹീഷ് തീക്ഷണ, മതീശ പതിരന എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തു. ചെന്നൈയ്ക്കായി ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‌വാദും ഡെവോൺ കോണ്‍വെയും അർധ സെഞ്ചറി നേടി. 52 പന്തുകൾ നേരിട്ട കോൺവെ 87 റൺസെടുത്തു. 50 പന്തുകൾ നേരിട്ട ഋതുരാജ് ഗെയ്ക്‌വാദ് 79 റൺസെടുത്തു പുറത്തായി. ഒന്നാം വിക്കറ്റിൽ 141 റൺസിന്റെ കൂടുകെട്ടാണ് ചെന്നൈ താരങ്ങൾ പടുത്തുയർത്തിയത്. 4.4 ഓവറിൽ 50 പിന്നിട്ട ചെന്നൈ 11.2 ഓവറിൽ നൂറുതൊട്ടു.

ചേതൻ സാകരിയയുടെ പന്തിൽ റിലീ റൂസോ ക്യാച്ചെടുത്താണ് ഋതുരാജിനെ പുറത്താക്കിയത്. പിന്നാലെയെത്തിയ ശിവം ദുബെയും തകർത്തടിച്ചതോടെ ചെന്നൈ സ്കോർ 150 ഉം കടന്നുമുന്നേറി. നേരിട്ട ഒൻപതു പന്തിൽ മൂന്ന് സിക്സ് പറത്തിയ ദുബെ 22 റൺസെടുത്തു പുറത്തായി. 18–ാം ഓവറിൽ ബൗണ്ടറിക്കു ശ്രമിച്ച താരത്തെ ഖലീൽ അഹമ്മദിന്റെ പന്തിൽ ലളിത് യാദവ് ക്യാച്ചെടുത്താണു പുറത്താക്കിയത്. തൊട്ടുപിന്നാലെ ആന്‍റിച് നോർട്യ ഡെവോൺ കോൺവെയെയും മടക്കി. ഏഴു പന്തുകൾ നേരിട്ട രവീന്ദ്ര ജഡേജ 20 റൺസുമായി പുറത്താകാതെനിന്നു. ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണി നാല് പന്തിൽ അഞ്ച് റൺസെടുത്തു.

Top