100 ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച തിയേറ്ററുകൾക്കെതിരെ പൊലീസ്

ചെന്നൈ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശം അവഗണിച്ച് നൂറു ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച ചെന്നൈയിലെ തിയേറ്റർ ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു. സെഷൻ 188,269 വകുപ്പുകൾ പ്രകാരം കേസെടുത്തത്. കൂടാതെ, തിയേറ്റർ ഉടമകളിൽ നിന്നും പിഴയും ചുമത്തിയിട്ടുണ്ട്.

ഇന്ന് പുലർച്ചെ മുതൽ തമിഴ്നാട്ടിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമായി മാസ്റ്റർ സിനിമയുടെ സ്പെഷ്യൽ ഫാൻഷോകൾ ആരംഭിച്ചിരുന്നു. കടുത്ത തിരക്കും വിജയ് ആരാധകരുടെ ബഹളവും കാരണമാണ് നൂറ് ശതമാനം സീറ്റിലും ആളെ കേറ്റേണ്ടി വന്നതെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.

കേരളത്തിലടക്കം ഭൂരിപക്ഷം മേഖലകളിലും ഇന്നും നാളെയുമായി ചിത്രത്തിൻ്റെ മുഴുവൻ ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. കോഴിക്കോട്ടെ ഏറ്റവും വലിയ തീയേറ്ററായ അപ്സരയിൽ പ്രൊജക്ടർ തകരാറിലായത് മൂലം ഷോ നടക്കാതിരുന്നത് വിജയ് ആരാധകരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ തീയേറ്ററുകൾ തുറക്കുന്നത്. ഒന്നര വർഷത്തിന് ശേഷമാണ് ഒരു വിജയ് ചിത്രം റിലീസിന് എത്തുന്നത്.

Top