ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക്‌ ‘കൊറോണ ഹെല്‍മറ്റ്’ ബോധവത്കരണവുമായി ചെന്നൈ പൊലീസ്‌

ചെന്നൈ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങളും വീട്ടില്‍ ഇരിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിക്കുന്നതിന് വ്യത്യസ്ത ആശയവുമായി ചെന്നൈ പൊലീസ് രംഗത്ത്.

വീടിന് പുറത്തിറങ്ങുന്നവരെ ബോധവത്കരിക്കാന്‍ കൊറോണ മാതൃകയിലുള്ള ഹെല്‍മറ്റ് ധരിച്ചാണ് ചെന്നൈയില്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്.

ചിത്രകാരനായ ഗൗതം ആണ് പൊലീസിന് ഇത് നിര്‍മിച്ച് നല്‍കിയത്. ഗൗതം തയാറാക്കിയ കൊറോണ ബോധവത്കരണ മുദ്രാവാക്യങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളും പൊലീസ് ഉപയോഗിക്കുന്നുണ്ട്.

പഴയ ഹെല്‍മറ്റും കളര്‍ പേപ്പറുകളും ഉപയോഗിച്ചാണ് ഗൗതം ‘കൊറോണ ഹെല്‍മറ്റ്’ തയ്യാറാക്കിയത്. ‘പൊതുജനങ്ങള്‍ ഇപ്പോഴും സാമൂഹിക വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടില്ല. ലോക്ക്ഡൗണ്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസ് 24 മണിക്കൂറും സേവനത്തിലാണ്.
എന്നിട്ടും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നു. ഇത് പാടില്ലെന്ന് ബോധവത്കരിക്കുകയാണ് ലക്ഷ്യം’ – ഗൗതം പറയുന്നു.

വൈറസിന്റെ രൂപം കാട്ടിയുള്ള ഈ ബോധവത്കരണം നല്ല പ്രതികരണത്തിന് ഇടയാക്കിയിട്ടുണ്ടെന്ന്
എസ്.ഐ. രാജേഷ് ബാബു പറഞ്ഞു.

Top