വിദ്വേഷ പരാമര്‍ശം; രാജ്യസഭാ എംപി ആര്‍.എസ്.ഭാരതി അറസ്റ്റില്‍

ചെന്നൈ: ദളിത് സമൂഹത്തിലെ ജഡ്ജിമാര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് രാജ്യസഭാ എംപിയും ഡിഎംകെ നേതാവുമായ ആര്‍.എസ്.ഭാരതി അറസ്റ്റില്‍. ശനിയാഴ്ച രാവിലെ ചെന്നൈയിലെ നംഗനല്ലൂരിലെ വസതിയില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത്.

1989 ലെ പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരമാണ് ഭാരതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 14 ന് ചെന്നൈയിലെ ഡിഎംകെ യുവജനവിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ അധിക്ഷേപകരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഭാരതിക്കെതിരെ പരാതി ലഭിച്ചിരുന്നു.

ഈ പരാതിയില്‍ അന്വേഷണം നടത്താനും കേസ് രജിസ്റ്റര്‍ ചെയ്ത് 30 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനും മെയ് 12ന് ഹൈക്കോടതി ചെന്നൈ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

ആദി തമിഴര്‍ മക്കള്‍ കച്ചി നേതാവ് കല്യാണസുന്ദരം മെയ് 12 ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി കരുണാനിധിയാണ് മുന്‍ സുപ്രീം കോടതി ജഡ്ജി എ. വരദരാജനെ ഉന്നത ജുഡീഷ്യറിയിലേക്ക് ഉയര്‍ത്തിയതെന്നും പട്ടികജാതിയില്‍ നിന്ന് ഏഴ് മുതല്‍ എട്ട് വരെ ആളുകളെ ജഡ്ജിമാരായി ഉയര്‍ത്തിയത് ദ്രാവിഡ പ്രസ്ഥാനം നല്‍കിയ ദാനമല്ലാതെ മറ്റൊന്നുമല്ലെന്നും എംപി അവകാശപ്പെട്ടുവെന്ന് പരാതിക്കാരന്‍ പറഞ്ഞു.

ഡിഎംകെ നേതാവ് നടത്തിയ പ്രസംഗം ഏറ്റവും താഴ്ന്ന ജുഡീഷ്യല്‍ തസ്തികയില്‍ നിന്ന് ഉയര്‍ന്നുവന്ന ജസ്റ്റിസ് വരദരാജനെ അവഹേളിക്കുക മാത്രമല്ല, പട്ടികജാതി വിഭാഗത്തിലെ അംഗങ്ങള്‍ക്കെതിരെ ശത്രുത, വിദ്വേഷം, അസൂയ എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.

Top