പെരിയാറിന്റെ പ്രതിമ തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്‌

ചെന്നൈ: പെരിയാറിന്റെ പ്രതിമ തകര്‍ത്ത നിലയില്‍. തമിഴ്‌നാട്ടിലെ ചെംഗല്‍പേട്ട് ജില്ലയിലെ കാലിയപട്ടായ് ഗ്രാമത്തില്‍ സ്ഥിതി ചെയ്തിരുന്ന പ്രതിമയുടെ വലതുകൈയും മുഖവും നശിപ്പിച്ച നിലയിലാണുള്ളത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നടന്‍ രജനീകാന്ത് പെരിയാറെക്കുറിച്ച് നടത്തിയ വിവാദങ്ങള്‍ക്കിടയിലാണ് ഈ സംഭവം.

1971 ലെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലിരുന്നു പ്രസ്താവന നടത്തിയത്. തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയില്‍ വച്ചായിരുന്നു രജനി പ്രതികരിച്ചത്. ജനുവരി 14ന് ചെന്നൈയില്‍ വച്ചായിരുന്നു പരിപാടി നടന്നത്.

അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി 1971 ല്‍ ശ്രീരാമന്റെയും സീതയുടേയും നഗ്നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയിരുന്നു എന്ന താരത്തിന്റെ പ്രസ്താവനയാണ് വിവാദമായത്. ഈ പ്രതികരണത്തിന് ശേഷം പെരിയാറെ അപമാനിച്ചെന്നാരോപിച്ച് ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ) രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ സംഭവത്തെ തുടര്‍ന്ന് മധുരയില്‍ രജനീകാന്തിന്റെ കോലം കത്തിച്ചിരുന്നു. കൂടാതെ പ്രവര്‍ത്തകര്‍ താരം മാപ്പ് പറയണമെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ മാപ്പുപറയില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് രജനി പ്രതികരിച്ചത്.

Top