വിവാഹ വാഗ്ദാനം നല്‍കി 30 സ്ത്രീകളെ പറ്റിച്ച ചെന്നൈ സ്വദേശി അറസ്റ്റില്‍

ചെന്നൈ: പലതരത്തിലുള്ള തട്ടിപ്പുകള്‍ നാട്ടില്‍ നടക്കാറുണ്ട്. അതില്‍ വിവാഹ തട്ടിപ്പ് പലരീതിയിലും പലയിടത്തും കാണാറുണ്ട്. മുന്നറിയിപ്പുകള്‍ എത്ര നല്‍കിയാലും ജനങ്ങള്‍ വീണ്ടും വഞ്ചിക്കപ്പെടുന്നതാണ് പുതിയ വാര്‍ത്ത ചൂണ്ടിക്കാണിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി 30 സ്ത്രീകളെ പറ്റിച്ച മുരുകനെയാണ് പൊലിസ് അറസറ്റ് ചെയ്തത്. ചെന്നൈ തമ്പാരം പൊലീസാണ് 59 കാരനായ മുരുകനെ അറസ്റ്റ് ചെയ്തത്.

വിവാഹ മോചനം നേടിയ വ്യക്തിയാണെന്നും രണ്ടാം വിവാഹത്തിന് താത്പര്യമുണ്ടെന്ന് പറഞ്ഞ് 2008 മുതല്‍ ഇയാള്‍ തമിഴ് പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കിയിരുന്നു. താന്‍ ട്രാവല്‍ കമ്പനി ഉടമയാണെന്നും മാസം അമ്പതിനായിരം രൂപ വരുമാനമുണ്ടെന്നും ഇയാള്‍ പരസ്യത്തിലൂടെ പറഞ്ഞിരുന്നു.

ഹോസ്പൂര്‍ സ്വദേശിനിയായ 47 കാരിയുടെ പരാതിയിലാണ് ചെന്നൈയിലെ ബുര്‍മ കോളനി സ്വദേശി പ്രതിയുടെ കള്ളികള്‍ പുറം ലോകം അറിഞ്ഞത്. വിവാഹം കഴിക്കാം എന്ന് പറഞ്ഞ് പ്രതി എട്ട് പവന്‍ സ്വര്‍ണം കൈക്കലാക്കിയെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് അറസ്റ്റിലായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പുകളുടെ ചുരളഴിയുന്നത്.

പരസ്യത്തിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ഫോണിലൂടെ സംസാരിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ക്യാമറകളില്ലാത്ത റസ്റ്റോറന്റുകളില്‍ കൂടി കാഴ്ച നടത്തുകയും വിവാഹ തിയതിയടക്കം വാഗ്ദാനം ചെയ്ത ശേഷം വിവാഹചിലവിനായി പണം വേണമെന്ന് പറഞ്ഞാണ് സ്ത്രീകളില്‍ നിന്നും സ്വര്‍ണമടക്കമുള്ളവ കൈക്കലാക്കുകയുമായിരുന്നത്‌ മുരുകന്‍. 8 പവനിലധികം സ്വര്‍ണവും മുപ്പതിനായിരം രൂപയും മോട്ടോര്‍ ബൈക്കും 50 ലധികം സിം കാര്‍ഡുകളും മുരുകന്റെ കയ്യില്‍ നിന്ന് പൊലിസ് കണ്ടെത്തിയിട്ടിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Top