വാട്‌സ് ആപ്പില്‍ വ്യാജ സന്ദേശം; വ്യത്യസ്ത നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ:വാട്‌സ് ആപ്പില്‍ വ്യാജ സന്ദേശം പോസ്റ്റ് ചെയ്ത യുവാവിനോട് വാട്‌സ് ആപ്പില്‍ തന്നെ മാപ്പ് അപേക്ഷിക്കാന്‍ വ്യത്യസ്ത നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി.

കോയമ്പത്തൂര്‍ കോര്‍പറേഷനും മന്ത്രി എസ്.പി. വേലുമണിക്കുമെതിരെയാണ് കോയമ്പത്തൂര്‍ സ്വദേശി എ. സാക്കിര്‍ ഹുസൈന്‍ കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ്‌ ഗ്രൂപ്പുകളില്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

കേസില്‍ വാദം കേട്ട ശേഷം വ്യാജ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത അതേ ഗ്രൂപ്പില്‍ത്തന്നെ ഉപാധികളില്ലാതെ മാപ്പ് അപേക്ഷിക്കാന്‍ ജസ്റ്റിസ് എന്‍. ശേഷസായി ആവശ്യപ്പെടുകയായിരുന്നു.

മാത്രമല്ല ഇതിനു തയാറാണെങ്കില്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. കൂടുതല്‍ വാദത്തിനായി കേസ് അഞ്ചാം തീയതിയിലേക്കു മാറ്റിയിരിക്കുകയാണ്. സോളര്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തികരമായ സന്ദേശങ്ങളാണു തമിഴ്‌നാടിനെ ബാധിക്കുന്ന ഏറ്റവും വലിയ മലിനീകരണമെന്നും ഈ സ്ഥിതി മാറ്റാതെ സംസ്ഥാനത്തെ ജനങ്ങള്‍ ഒരിക്കലും സുരക്ഷിതരാകില്ലെന്നും ജസ്റ്റിസ്പറഞ്ഞു.

Top