കൊറോണ ബാധിതനെന്ന വ്യാജ പ്രചരണം; യുവാവ് ജീവനൊടുക്കി

ചെന്നൈ: കൊവിഡ് ബാധിതനെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വീഡിയോ പ്രചരിച്ചതിലെ മനോവിഷമത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവിന്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോം ക്വാറന്റൈനില്‍ ആയിരുന്ന യുവാവ് മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. മധുര സ്വദേശിയായ എസ് കുമാറാണ് വീട്ടുവളപ്പില്‍ ഇന്ന് പുലര്‍ച്ചയോടെ ജീവനൊടുക്കിയത്.

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ കുമാര്‍ ഒന്നര ആഴ്ചയായി നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തി കുമാറിനെ പരിശോധനയ്ക്കായി കൊണ്ടു പോകുന്ന വീഡിയോ അയല്‍വാസികളായ സുഹൃത്തുക്കള്‍ മൊബൈലില്‍ ചിത്രീകരിച്ചു. കുമാര്‍ കൊവിഡ് ബാധിതനെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

എല്ലാവരും കുമാറിനെ അകറ്റി നിര്‍ത്തണം എന്നുവരെ പ്രചരണം ഉണ്ടായി. ഇതിനിടെ കൊവിഡ് നെഗറ്റീവ് എന്ന കുമാറിന്റെ പരിശോധനാ ഫലം വന്നു. കൊവിഡ് ഇല്ലെന്ന് വ്യക്തമായെങ്കിലും കൊവിഡ് ബാധിതനെന്ന പേരില്‍ കുമാറിനെതിരെ വ്യാജ സന്ദേശങ്ങള്‍ പരന്നു. ഇതില്‍ മനംനൊന്ത് ഇന്ന് പുലര്‍ച്ചയോടെ വീട്ടുവളപ്പില്‍ കുമാര്‍ തൂങ്ങി മരിക്കുകയായിരുന്നു.

Top