ചെന്നൈ ചെമ്പരാക്കം തടാകം തുറന്നു

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരത്തേക്ക് അടുക്കുന്നു. ഇന്ന് രാത്രി എട്ടു മണിക്കും നാളെ രാവിലെ ആറു മണിക്കും ഇടയില്‍ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാര്‍ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നത്. ചെന്നൈയിലും കാഞ്ചീപുരത്തും കനത്തമഴ തുടരുകയാണ്.

ചെമ്പരപ്പാക്കം തടാകം നിറഞ്ഞതിനെ തുടര്‍ന്ന് തുറന്നു. ഒരു സെക്കന്റില്‍ ആയിരം ഘന അടി വെള്ളമാണ് പുറത്തേക്കു വിടുന്നത്. ചെമ്പരപ്പാക്കത്ത് മഴ കൂടുതല്‍ പെയ്യുകയും വെള്ളം ഉയരുകയും ചെയ്താല്‍ കൂടുതല്‍ വെള്ളം തുറന്നുവിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഈ തടാകം തുറന്നുവിടുന്നത്. 2015-ലെ പ്രളയസമയത്താണ് ഇതിന് മുമ്പ് ചെമ്പരപ്പാക്കം തുറന്നിട്ടുളളത്.

തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. 77 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. തീരപ്രദേശത്തെ ആളുകളെയും നദീതീരത്തുളള ആളുകളെയുമാണ് ഇവിടേക്ക് ആദ്യം മാറ്റി പാര്‍പ്പിക്കുന്നത്.

Top