ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിനരികിൽ; ഡല്‍ഹി കാപിറ്റല്‍സ് പുറത്തേക്ക്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിനരികെ. ഡല്‍ഹി കാപിറ്റല്‍സിനെതിരെ 27 റണ്‍സ് വിജയം നേടിയതോടെയാണ് ചെന്നൈ പ്ലേ ഓഫിന് ഒരു പടി കൂടെ അടുത്തത്. ഇതോടെ ഡല്‍ഹിയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചെന്ന് പറയാം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ 168 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മതീഷ പതിരാനയാണ് ഡല്‍ഹിയെ തകര്‍ത്തത്. ഇതോടെ ചെന്നൈക്ക് 12 മത്സരങ്ങളില്‍ 15 പോയിന്റായി. ഗുജറാത്ത് ടൈറ്റന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. 11 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഡല്‍ഹി അവസാന സ്ഥാനത്ത് തുടരുന്നു.

മോശം തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത് 3.1 ഓവറില്‍ ഡല്‍ഹിക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഡേവിഡ് വാര്‍ണര്‍ (0), ഫിലിപ് സാള്‍ട്ട് (17), മിച്ചല്‍ മാര്‍ഷ് (5) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമാണുണ്ടായിരുത്. പിന്നീട് കീസില്‍ ഒത്തുചേര്‍ന്ന മനീഷ് പാണ്ഡെ (27) – റിലീ റൂസ്സോ (35) സഖ്യം 59 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും നേരിയ പ്രതീക്ഷ ഡല്‍ഹിക്ക് നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. മനീഷിനെ പതിരാന ഒരു യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. വൈകാതെ റൂസ്സോ, ജഡേജയ്ക്ക് വിക്കറ്റ് നല്‍കി. അക്‌സര്‍ പട്ടേലാണ് (21) പൊരുതി നോക്കിയ മറ്റൊരുതാരം. റിഫാല്‍ പട്ടേല്‍ (10), ലളിത് യാദവ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അമന്‍ ഹക്കീം ഖാന്‍ (2), കുല്‍ദീപ് യാദവ് (0) പുറത്താവാതെ നിന്നു. ദീപക് ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ താരങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. 30 റണ്‍സിനപ്പുറം ഒരു താരത്തിനും നേടാന്‍ സാധിച്ചില്ല. 25 റണ്‍സെടുത്ത ശിവം ദുബെയാണ് ടോപ് സ്‌കോറര്‍. ഏഴ് വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായി. മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്സര്‍ പട്ടേലിന് രണ്ട് വിക്കറ്റുണ്ട്. ഡെവോണ്‍ കോണ്‍വെയുടെ (10) വിക്കറ്റാണ് ചെന്നൈയ്ക്ക് ആദ്യം നഷ്ടമാവുന്നത്. അഞ്ചാം ഓവറിലാണ് കോണ്‍വെ മടങ്ങുന്നത്. തുടക്കം മുതല്‍ സ്വതസിദ്ധമായ രീതിയില്‍ കളിക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു. മൂന്നാം ഓവറില്‍ പുറത്താവുന്നതില്‍ രക്ഷപ്പെടുകയും ചെയ്തു. ഖലീല്‍ അഹമ്മദിന്റെ പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട് കയ്യിലൊതുക്കിയിരുന്നു. എന്നാല്‍ ഖലീല്‍ മാത്രമാണ് അപ്പീല്‍ ചെയ്തത്. റിവ്യൂ കൊടുത്തതുമില്ല. വീഡിയോയില്‍ പന്ത് ബാറ്റിലുരസിയെന്ന് വ്യക്തമായിരുന്നു. എന്നാല്‍ അധികനേരം ക്രീസില്‍ തുടരാന്‍ കോണ്‍വെയ്ക്ക് സാധിച്ചില്ല. അക്സറിന്റെ ആദ്യ ഓവറില്‍ തന്നെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

അക്സര്‍ അടുത്ത ഓവറില്‍ റിതുരാജ് ഗെയ്കവാദിനേയും അക്സര്‍ മടക്കി. ലോംഗ് ഓഫില്‍ അമന്‍ ഹക്കീമിന് ക്യാച്ച്. 12 പന്തില്‍ ഏഴ് റണ്‍സ് മാത്രം നേടിയ മൊയീന്‍ അലിയെ കുല്‍ദീപ് യാദവും മടക്കി. പതിയെ കളിച്ചുവരികയായിരുന്ന രഹാനെയാവട്ടെ (21) ലളിത് യാദവിന്റെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. പിന്നീട് ശിവം ദുബെയുടെ (12 പ ന്തില്‍ 25) ഇന്നിംഗ്സാണ് ചെന്നൈയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മൂന്ന് സിക്സുകള്‍ നേടിയ ദുബെയെ മിച്ചല്‍ മാര്‍ഷ് മടക്കുകയു ചെയ്തു. 17 പന്തില്‍ 23 റണ്‍സ് നേടിയ അമ്പാട്ടി റായുഡു ഖലീലിന്റെ പന്തിലും മടങ്ങി. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും (16 പന്തില്‍ 21) ധോണിയും (9 പന്തില്‍ 20) സാഹചര്യത്തിനൊത്ത് ഉയര്‍ന്നതോടെ ചെന്നൈയ്ക്ക് മാന്യമായി സ്‌കോര്‍ ഉയര്‍ത്താനായി. ജഡേജയും ധോണിയും അവസാന ഓവറില്‍ മിച്ചല്‍ മാര്‍ഷിന് വിക്കറ്റ് നല്‍കി. ധോണിയുടെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ഒരു ഫോറുമുണ്ടായിരുന്നു. ദീപക് ചാഹര്‍ (1), തുഷാര്‍ ദേഷ്പാണ്ഡെ (0) പുറത്താവാതെ നിന്നു.

Top