ഐപിഎല്ലിൽ ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് തകർപ്പൻ ജയം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് കൂറ്റൻ ജയം. 69 റൺസിനാണ് ടേബിൾ ടോപ്പർമാരെ ചെന്നൈ കെട്ടുകെട്ടിച്ചത്. ചെന്നൈ മുന്നോട്ടുവച്ച 192 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുക്കാനേ സാധിച്ചുള്ളൂ. ദേവ്ദത്ത് പടിക്കൽ (34) ആണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്കോറർ. മാക്സ്‌വൽ 22 റൺസെടുത്തു.

ആകെ നാല് താരങ്ങൾക്കേ ബാംഗ്ലൂർ നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ. ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒപ്പം ഡാനിയൽ ക്രിസ്ത്യനെ റണ്ണൗട്ടാക്കുകയും ചെയ്തു. ബാറ്റിംഗിൽ 28 പന്തിൽ 62 റൺസെടുത്ത് തകർപ്പൻ പ്രകടനം കാഴ്ചവച്ച ജഡേജയാണ് കളിയിലെ താരം.

3 ഓവറിൽ 44 എന്ന നിലയിലായിരുന്ന ബാംഗ്ലൂരിന് നാലാം ഓവറിലെ ആദ്യ പന്തിൽ കോലിയെ (8) നഷ്ടമായി. സാം കറനായിരുന്നു വിക്കറ്റ്. അടുത്ത ഓവറിൽ ദേവ്ദത്തും മടങ്ങി. ശർദ്ദുൽ താക്കൂറിന്റെ പന്തിൽ ദേവ്ദത്ത് കൂടി മടങ്ങിയതോടെ ആർസിബി തകർന്നു. മൂന്നാം നമ്പറിലെത്തിയ വാഷിംഗ്ടൺ (7), നേരിട്ട ആദ്യ രണ്ട് പന്തുകളിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ മാക്സ്‌വൽ (22), എബി ഡിവില്ല്യേഴ്സ് (4) എന്നിവർ ജഡേജയുടെ ഇരകളായി മടങ്ങി. ഡാനിയൽ ക്രിസ്ത്യനെ ജഡേജ നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കി.

 

Top