ചെങ്ങന്നൂരില്‍ ‘കറുത്ത കുതിര’ ആകുവാന്‍ ആം ആദ്മി പാര്‍ട്ടി; പ്രവര്‍ത്തനം ശക്തമാക്കി

aap

ആലപ്പുഴ: കേരള രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണ്ണായകമായ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് നിമിഷവും വരുമെന്നിരിക്കെ ആം ആദ്മി പാര്‍ട്ടി സജീവമായി രംഗത്ത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മാത്രം അര ലക്ഷത്തോളം വോട്ട് പിടിച്ച് സജീവ സാന്നിധ്യമായിരുന്ന ആം ആദ്മി ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ ചെങ്ങന്നൂരില്‍ ഇറക്കി മുന്നണികളെ ഞെട്ടിക്കാനാണ് ശ്രമിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭയിലെ തീപ്പൊരി പ്രാസംഗികനായ സഞ്ജയ് സിംഗ് ശനിയാഴ്ച ചെങ്ങന്നൂരില്‍ എത്തുന്നതോടെ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. പ്രവര്‍ത്തകയോഗത്തിലും റാലിയിലും പൊതു സമ്മേളനത്തിലും സഞ്ജയ് സിംഗ് പങ്കെടുക്കും. പരമാവധി വോട്ടുകള്‍ പിടിച്ച് രാഷ്ട്രീയ കേരളത്തെ അമ്പരിപ്പിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം.

സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്റെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങള്‍. ഉപതിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് ചെങ്ങന്നൂരില്‍ റാലിയും പൊതുസമ്മേളനവും നടത്തുന്നതെന്ന് നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാര്യങ്ങള്‍ വ്യക്തമാണ്. ആം ആദ്മി പാര്‍ട്ടിയുടെ നീക്കങ്ങളെ ഭരണപ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഗൗരവമായാണ് കാണുന്നത്.

ഉപതിരഞ്ഞെടുപ്പ് ആയതിനാല്‍ സംസ്ഥാനത്തെ പാര്‍ട്ടി വളണ്ടിയര്‍മാരെ മണ്ഡലത്തില്‍ വിന്യസിക്കാനും ദേശീയ നേതാക്കളെ പ്രചരണത്തിന് കൊണ്ടുവരാനും കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ആം ആദ്മി പാര്‍ട്ടിക്ക് സാധിക്കും.

സിപിഎം സംസ്ഥാന സെക്രട്ടറിക്കും സര്‍ക്കാറിനുമെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ ഭരണപക്ഷത്തിനും പ്രതികരണ ശേഷിയില്ലാത്ത പ്രതിപക്ഷമെന്ന പഴി കേള്‍ക്കുന്നത് യു.ഡി.എഫിനും കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വികാരം ബി.ജെ.പിക്കും വെല്ലുവിളിയാണ്. ഇവിടെയാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ.

മുന്നണികള്‍ക്കുള്ള ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ചെങ്ങന്നൂരില്‍ നല്‍കണമെന്നതാണ് ആം ആദ്മി പാര്‍ട്ടി ജനങ്ങളോട് ആവശ്യപ്പെടുന്നത്. അതിനുള്ള സുവര്‍ണ്ണാവസരമാണ് ഉപതിരഞ്ഞെടുപ്പെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. അഴിമതി, കെടുകാര്യസ്ഥത, കൊലപാതകം, വിലക്കയറ്റം, ദളിത് പീഡനം, പരിസ്ഥിതി നശീകരണം തുടങ്ങിയവ ഉയര്‍ത്തി ഭരണ-പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിരോധത്തിലാക്കുന്ന പ്രചരണത്തിനാണ് ആം ആദ്മി പാര്‍ട്ടി തയ്യാറെടുക്കുന്നത്.

ചേര്‍ത്തല കെ.വി.എം ആശുപത്രിക്കു മുന്നില്‍ 204 ദിവസങ്ങളായി സമരം ചെയ്യുന്ന നഴ്‌സുമാര്‍ നീതി തേടി ചെങ്ങന്നൂരില്‍ ഇറങ്ങിയാല്‍ അവര്‍ക്ക് പിന്തുണ നല്‍കാനും ആം ആദ്മി പാര്‍ട്ടി തയ്യാറായേക്കും. പിണറായി സര്‍ക്കാറിന്റെ വിധിയെഴുത്തായും ആരാണ് ‘യഥാര്‍ത്ഥ’ പ്രതിപക്ഷമെന്നുമൊക്കെ വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പു കൂടിയായി ചെങ്ങന്നൂര്‍ മാറാന്‍ പോവുകയാണ്.

കഴിഞ്ഞ തവണ 52,880 വോട്ടുകള്‍ നേടി സി.പി.എമ്മിലെ കെ.കെ.രാമചന്ദ്രന്‍ നായര്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ്സിലെ പി.സി.വിഷ്ണുനാഥ് 44,897 വോട്ടും ബി.ജെ.പിയിലെ അഡ്വ.ശ്രീധരന്‍ പിള്ള 42,682 വോട്ടും നേടുകയുണ്ടായി. കോണ്‍ഗ്രസ്സ് റിബല്‍ ശോഭന ജോര്‍ജിന് 3966 വോട്ടും ലഭിക്കുകയുണ്ടായി.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ടിങ്ങ് വിഹിതം ഉയര്‍ത്താന്‍ കഴിഞ്ഞത് വന്‍ നേട്ടമായി കാണുന്ന ബി.ജെ.പി, ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞാല്‍ അത് കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന ആത്മവിശ്വാസത്തിലാണ്.

ഓരോ വോട്ടിനും വലിയ പ്രസക്തിയുള്ള തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പുതിയ ആളുകളെ ചേര്‍ക്കുന്ന പണി ഇപ്പോള്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി കഴിഞ്ഞിട്ടുമുണ്ട്. ഇടതു പക്ഷത്ത് സി.പി.എമ്മില്‍ നിന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, മുന്‍ എം.പി സി.എസ്. സുജാത എന്നിവരുടെ പേരാണ് പരിഗണനയില്‍.

കോണ്‍ഗ്രസ്സില്‍ എം.മുരളിയുടെ പേരിനാണ് ഇപ്പോള്‍ മുന്‍തൂക്കമെങ്കിലും ഹൈക്കമാന്റ് പിന്തുണയോടെ അവസാന നിമിഷം പി.സി.വിഷ്ണുനാഥ് തന്നെ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

Top