ചെങ്ങന്നൂരില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്ന് സജി ചെറിയാന്‍; 2018ലെ അവസ്ഥയുണ്ടാകില്ല

Saji Cherian

ചെങ്ങന്നൂര്‍: പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ചെങ്ങന്നൂരില്‍ നാലടി വരെ വെളളം ഉയരാന്‍ സാധ്യതയുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ. ഇതിന്റെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവെന്നും 120ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു. ഡാമിന്റെ ആറു ഷട്ടറുകള്‍ രണ്ടടി വീതമാണ് തുറന്നിരിക്കുന്നത്.

നാലടി വെള്ളം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെ പൂര്‍ണമായും മാറ്റി. എല്ലാ ക്യാമ്പുകളിലും എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു. ഭക്ഷ്യ ഉല്പന്നങ്ങളടക്കം എത്തിച്ചുകഴിഞ്ഞു. മെഡിക്കല്‍ ടീമിനെ സജ്ജരാക്കിയിട്ടുണ്ട്. പൊലീസിന്റെ ജാഗ്രതയുണ്ട്. 2018ലെ അവസ്ഥ ഒരു കാരണവശാലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങളെല്ലാം മാറ്റിക്കഴിഞ്ഞു. വീടുകളിലെ പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ് എന്നിവയൊക്കെ മാറ്റി. വളര്‍ത്തുമൃഗങ്ങളെ എല്ലാം മാറ്റിക്കഴിഞ്ഞു. കോവിഡ് 19 ന്റെ പ്രൊട്ടോക്കോള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്നും അതുകൊണ്ട് പ്രായമായവരെയും കുട്ടികളെയും ഗര്‍ഭിണികളെയും ബന്ധുവീടുകളിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

Top