ചെങ്ങന്നൂരില്‍ കന്നി വോട്ടര്‍മാര്‍ നിര്‍ണ്ണായകം,5039 പേരുടെ മനസ്സില്‍ എന്ത് ?

election

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അവസാനഘട്ട പോരാട്ടത്തിന്റെ തയ്യാറെടുപ്പുകളിലേക്ക് ജനപ്രതിനിധികളും സമ്മതിദായകരും. ഉപതിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ 1,99,340 സമ്മതിദായകരെന്ന് റിപ്പോര്‍ട്ട്. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷമുള്ളതാണ് ഈ കണക്കെടുപ്പ്. പുതിയ കണക്ക് പ്രകാരം 10,708 വോട്ടര്‍മാരുടെ വര്‍ധനയാണ് ഉണ്ടായത്. 5039 കന്നിവോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

ഈ വര്‍ഷം പ്രസിദ്ധീകരിച്ച അന്തിമപട്ടിക പ്രകാരം 1,88,632 വോട്ടര്‍മാരായിരുന്നു മണ്ഡലത്തിലുണ്ടായിരുന്നത്. മെയ് എട്ടുവരെയുള്ള കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലും പൂര്‍ത്തിയായപ്പോള്‍ 92,919 പുരുഷ വോട്ടര്‍മാരും 1,06,421 വനിത വോട്ടര്‍മാരുമാണ് ചെങ്ങന്നൂരിലുള്ളത്. വനിത വോട്ടര്‍മാരുടെ എണ്ണത്തില്‍ 5559 പേരുടെ വര്‍ധനയുണ്ടായപ്പോള്‍ 43 പേരെ ഒഴിവാക്കി. പുരുഷവോട്ടര്‍മാരില്‍ 52 പേരെ ഒഴിവാക്കിയപ്പോള്‍ പുതുതായി ചേര്‍ത്തത് 5174 പേരെയാണ്. മണ്ഡലത്തില്‍ ഭിന്നലിംഗ വോട്ടര്‍മാര്‍ ആരുമില്ല.

വോട്ടര്‍മാരില്‍ ഭൂരിഭാഗവും 30 മുതല്‍ 49 വയസു വരെ പ്രായപരിധിയില്‍ ഉള്‍പ്പെടുന്നവരാണ്. ആകെ വോട്ടര്‍മാരില്‍ 33 ശതമാനം പേരും ഈ പ്രായക്കാരാണ്.20 മുതല്‍ 29 വയസ് വരെ പ്രായമുള്ള 34,070 വോട്ടര്‍മാരും 80 വയസിനു മുകളിലായി 5573 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്.

തിരഞ്ഞെടുപ്പിനാവശ്യമായ വോട്ടര്‍പട്ടിക അച്ചടി പൂര്‍ത്തിയായി. സ്ഥാനാര്‍ഥികള്‍ക്കുള്ള പട്ടിക ഇന്നലെ വിതരണം ചെയ്തു. വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പുകളുടെ അച്ചടിയും പൂര്‍ത്തിയായിക്കഴിഞ്ഞു.

Top