കാനത്തിന് ചുട്ട മറുപടി നല്‍കി കോടിയേരി . . സി.പി.എമ്മിന് ആര്‍.എസ്.എസ് വോട്ട് വേണ്ട !

kanam_kodiyeri

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ തന്റെ നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന് ആര്‍എസ്എസിന്റെ വോട്ട് ആവശ്യമില്ലെന്നും. ഒട്ടേറെ സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ്സുകാരാല്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ അവരുടെ വോട്ട് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മും സിപിഐയും രണ്ടുകക്ഷികളാണ്. അതുകൊണ്ട് രണ്ട് അഭിപ്രായം ഉണ്ടാകുന്നതില്‍ പ്രശ്‌നങ്ങളില്ലെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്എസ് വോട്ടും എല്‍ഡിഎഫ് സ്വീകരിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നു. ആര്‍എസ്എസ് ഒഴികെയുള്ള ആരുടെ വോട്ടും സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഒരാളുടെ വോട്ട് വേണ്ടെന്നു പറയാന്‍ എങ്ങനെ കഴിയുമെന്ന കാനം മറുപടി പറഞ്ഞത്.

അതേസമയം ചെങ്ങന്നൂര്‍ ആര്‍എസ്എസ് വോട്ടു സംബന്ധിച്ചു കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും പരസ്പര വിരുദ്ധമായി സംസാരിക്കുന്നതു വെറും നാടകമാണെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ ആരോപിച്ചു. ആര്‍എസ്എസ് വോട്ടു വേണമെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന നാക്കു പിഴവാണെങ്കില്‍ തിരുത്തിയേനെയെന്നും ബിജെപി നേതാവ് വി.മുരളീധരനും നേരത്തേ കാനത്തെപ്പോലെ പറഞ്ഞിട്ടുണ്ടെന്നും രണ്ടും കൂട്ടിവായിച്ചാല്‍ ആര്‍എസ്എസിന്റെ വോട്ട് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നെന്നു മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിനെ പരസ്യമായി എതിര്‍ക്കുന്ന എല്‍ഡിഎഫ് രഹസ്യമായി അവരുടെ വോട്ടു തേടുകയാണെന്നും ‘ബംഗാളിലെ നന്ദിഗ്രാമില്‍ ജില്ലാ പരിഷത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ തോല്‍പിക്കാന്‍ ഇടതുപക്ഷം ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നുവെന്നും അതേ മാതൃകയില്‍ ചെങ്ങന്നൂരില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് – ആര്‍എസ്എസ് സഖ്യം ഉണ്ടാക്കുകയാണെന്നും ഹസന്‍ വിമര്‍ശിച്ചു.

ഞങ്ങള്‍ ആര്‍എസ്എസിന്റെ വോട്ട് പ്രതീക്ഷിക്കുന്നില്ലെന്നും ദേശീയതലം മുതല്‍ സംഘപരിവാറിനെ എതിര്‍ക്കുന്നവരാണ് കോണ്‍ഗ്രസ്സെന്നും ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്‍ഡിഎഫിന് അനുകൂലമായി പറഞ്ഞിട്ടുമില്ലെന്നും കേരള കോണ്‍ഗ്രസ്സ് യുഡിഎഫിലേക്കു മടങ്ങണമെന്നു പല സന്ദര്‍ഭത്തിലും ഞങ്ങള്‍ പറഞ്ഞിരുന്നുവെന്നും അതില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമില്ലെന്നും ഹസന്‍ വ്യക്തമാക്കി.

Top