‘അയിന്റാളും ഞമ്മള് തന്നെ’ ചെങ്ങന്നൂരില്‍ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് വെള്ളാപ്പള്ളി !

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ വിജയം സി.പി.എമ്മിനെന്നും മനസിലായതോടെ വിജയത്തില്‍ അവകാശവാദവുമായെത്തുന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അടവ് പിഴക്കുന്നു. ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് ബി.ഡി.ജെ.എസിലൂടെ മകന് കേന്ദ്ര മന്ത്രി സ്ഥാനവും തനിക്ക് ഗവര്‍ണര്‍ സ്ഥാനവും പ്രതീക്ഷിച്ച വെള്ളാപ്പള്ളി അതു പൊളിഞ്ഞതോടെ യു.ഡി.എഫുമായി സഖ്യചര്‍ച്ച നടത്തിയിരുന്നു. എം.പി വീരേന്ദ്രകുമാര്‍ ഇടതുപാളയത്തിലേക്കു മടങ്ങിയതോടെ യു.ഡി.എഫ് സഖ്യകക്ഷിയാകാനുള്ള നീക്കത്തിലായിരുന്നു വെള്ളാപ്പള്ളി.

കേന്ദ്ര മന്ത്രിപദ സ്വപ്നം കൈവിടാത്ത മകന്‍ തുഷാര്‍വെള്ളാപ്പള്ളി ബി.ജെ.പി ബന്ധം ഉപേക്ഷിക്കാനും തയ്യാറായില്ല. വരുന്നെങ്കില്‍ അച്ഛനും മകനും ഒന്നിച്ചുമതിയെന്ന് യു.ഡി.എഫ് നിലപാടെടുത്തതോടെയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി സമദൂരനയം പ്രഖ്യാപിച്ചത്. കാറ്റ് ഇടത്തേക്കെന്നു മനസിലായതോടെ തന്റെ പിന്തുണ ഇടതുപക്ഷത്തിനെന്ന വാദവുമായി വെള്ളാപ്പള്ളി രംഗത്തെത്തി. എന്നാല്‍ സി.പി.എം നേതൃത്വം വെള്ളാപ്പള്ളിയുടെ വാദം തള്ളിക്കളയുകയാണ്. എന്‍.എസ്.എസിന്റെ പിന്തുണയും ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിന്റെ സഹായവും ന്യൂനപക്ഷ മുസ്‌ലിം വോട്ടുകള്‍ തുണച്ചതുമാണ് വിജയത്തിനുവഴിയൊരുക്കിയതെന്ന പ്രാഥമിക വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി, ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി ബി.ജെ.പിയെ പിന്തുണച്ചപ്പോള്‍ വെള്ളാപ്പള്ളിക്കും ബി.ഡി.ജെ.എസിനുമെതിരെ ശക്തമായ നിലപാടാണ് പിണറായി വിജയനും സി.പി.എം നേതൃത്വവും സ്വീകരിച്ചത്. അന്ന് വെള്ളാപ്പള്ളിയുടെ രാഷ്ട്രീയമോഹങ്ങള്‍ തകര്‍ത്ത് എസ്.എന്‍.ഡി.പി അണികള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയായിരുന്നു. വെള്ളാപ്പള്ളിയുടെ തട്ടകമായ ആലപ്പുഴയിലടക്കം ഇതു പ്രകടമായി.

മുമ്പ് ആലപ്പുഴയില്‍ വി.എം സുധീരനെയും കെ.സി വേണുഗോപാലിനെയും പരാജയപ്പെടുത്താന്‍ വെള്ളാപ്പള്ളി പരസ്യനിലപാടുമായി രംഗത്തിറങ്ങിയപ്പോഴും ഇരുവരും മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫിനെ വിരട്ടി ദേവസ്വം ബോര്‍ഡ് അംഗത്വമടക്കമുള്ള സ്ഥാനങ്ങള്‍ നേടുന്ന എസ്.എന്‍.ഡി.പിക്ക് ഇടതുഭരണത്തില്‍ കാര്യമായ പരിഗണനയൊന്നും ലഭിച്ചിരുന്നില്ല.

ഇടതുസര്‍ക്കാരുമായി സൗഹൃദം നേടാനുള്ള വെള്ളാപ്പള്ളിയുടെ അടവാണ് ചെങ്ങന്നൂരില്‍ പിന്തുണ നല്‍കിയെന്ന വാദം. നാട്ടിലെ എല്ലാ അവിഹിത ഗര്‍ഭത്തിലും അവകാശവാദം ഉന്നയിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സുപ്രസിദ്ധമായ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞിനെ അനുസ്മരിപ്പിക്കുകയാണ് കേരള രാഷ്ട്രീയത്തില്‍ വെള്ളാപ്പള്ളി. ബി.ജെ.പി കഴിഞ്ഞ തവണത്തേക്കാള്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തങ്ങളുടേതാണെന്ന അവകാശവാദവുമായി ബി.ജെ.പി കേന്ദ്രനേതൃത്വവുമായ വിലപേശലിനുള്ള ആുധംകൂടിയാക്കുകയാണ് വെള്ളാപ്പള്ളി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം.

Top