ലോകത്ത് ഏറ്റവും ഉയരത്തിലുള്ള പാലത്തിന്റെ നിര്‍മ്മാണം കശ്മീരില്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി : ലോകത്ത് ഏറ്റവും ഉയരത്തിലുള്ള പാലത്തിന്റെ നിര്‍മ്മാണം കശ്മീരില്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ്.

ഉദ്ദംപുര്‍,അനന്ത്‌നാഗ്,ശ്രീനഗര്‍,ബാരമുള്ള റെയില്‍വേ പ്രൊജക്ടിന്റെ ഭാഗമായി റെസായി ജില്ലയില്‍ ചെനാബ് നന്ദിക്ക് കുറുകേയാണ് പാലം നിര്‍മ്മിക്കുന്നത്.

റിക്ടര്‍ സ്‌കെയിലില്‍ എട്ട് വരെയുള്ള ഭൂകമ്പങ്ങളെ അതിജീവിക്കാനുള്ള ശേഷി ഈ പാലത്തിനുണ്ടെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

ചെനാബ് നദിയില്‍ നിന്നും 359 മീറ്റര്‍ ഉയരത്തിലാകും പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന് പാരീസിലെ ഇഫല്‍ ടൗവറിനേക്കാള്‍ 35 മീറ്റര്‍ അധികം ഉയരമുണ്ടാവും.

1315 മീറ്റര്‍ നീളമുള്ള 17 തൂണുകള്‍ പാലത്തിനുണ്ടാകും. കോണ്‍ക്രീറ്റ് നിറച്ച സ്റ്റീല്‍ ആര്‍ച്ച് ആയിരിക്കും പാലത്തെ താങ്ങി നിര്‍ത്തുക. ഇന്ത്യയില്‍ ഇത് ആദ്യമായിട്ടാണ് സ്റ്റീലിനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത തൂണുകള്‍ നിര്‍മ്മിക്കുന്നത്.

30 കിലോ സ്‌ഫോടകവസ്തുകള്‍ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങളെ വരെ അതിജീവിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം.

ഡിആര്‍ഡിഒ, ഐഐഠി റൂര്‍ക്കി, ഐഐഎസ് ബെംഗളൂരു എന്നി സ്ഥാപനങ്ങള്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

2019 മെയോട് കൂടി പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

തീവ്രവാദി ആക്രമണങ്ങള്‍ക്കും ഭൂകമ്പങ്ങള്‍ക്കും സാധ്യത കൂടുതലാണ് കശ്മീരില്‍ എന്നതിനാല്‍ ഇവ രണ്ടിനേയും പ്രതിരോധിക്കാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ സഹിതമാണ് പാലം പണിയുന്നതെന്ന് റെയില്‍വേ ബോര്‍ഡ് അംഗം എം.കെ.ഗുപ്ത അറിയിച്ചു.

നിര്‍ദിഷ്ട ഉദംപുര്‍, ശ്രീനഗര്‍, ബാരാമുള്ള റെയില്‍വേ ലൈന്‍ 2021 മാര്‍ച്ചോടെ ഗതാഗതത്തിനായി തുറന്നു കൊടുക്കും.

പദ്ധതിയുടെ 70 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇതിനോടകം പൂര്‍ത്തിയായെന്ന് അധികൃതര്‍ പറയുന്നു.

1300 ജോലിക്കാരും 300 എഞ്ചിനീയര്‍മാരും അടങ്ങുന്ന സംഘമാണ് റെയില്‍പാതയുടേയും പാലങ്ങളുടേയും നിര്‍മ്മാണത്തില്‍ പങ്കെടുക്കുന്നത്.

Top