റിലീസായ് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മില്യണ്‍ വ്യൂസ് കടന്ന് ചെമ്പന്‍ വിനോദ് – ലുക്മാന്‍ ചിത്രം അഞ്ചക്കള്ളകോക്കാന്‍ ട്രെയ്‌ലര്‍

റിലീസായ് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മില്യണ്‍ വ്യൂസ് കടന്ന് അഞ്ചക്കള്ളകോക്കാന്‍ ട്രെയ്‌ലര്‍. ചെമ്പന്‍ വിനോദും ലുക്മാന്‍ അവറാനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കേരള – കര്‍ണാടക അതിര്‍ത്തിയില്‍ ഉള്ള കാളഹസ്തിയെന്ന സാങ്കല്പിക ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷന്‍ കേന്ദ്രമാക്കിയാണ് കഥ പറയുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനല്‍ വഴി ഇന്നലെ ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തിയിരുന്നു. കോമഡി പശ്ചാത്തലമുള്ള കളര്‍ഫുള്‍ ആക്ഷന്‍ ത്രില്ലര്‍ ആണ് എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍.

ഭാഷ അത്ര പരിചിതമല്ലാത്ത ഒരു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പുതുതായി ചാര്‍ജ് എടുക്കുന്ന ഒരു പോലീസ് കോണ്‍സ്റ്റബിലിന്റെ വേഷമാണ് ഇതില്‍ ലുക്മാന്‍ അവറാന്‍ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന പോലീസുകാരന്റെ വേഷത്തില്‍ ചെമ്പന്‍ വിനോദും. അതോടൊപ്പം മണികണ്ഠന്‍ ആര്‍ ആചാരി, മേഘ തോമസ്, മെറിന്‍ മേരി ഫിലിപ്പ്, സെന്തില്‍ കൃഷ്ണ, ശ്രീജിത്ത് രവി എന്നിവരും മുഖ്യ കഥാപാത്രങ്ങളായി അണിനിരക്കുന്നു. വെസ്റ്റേന്‍ രീതിയിലാണ് ചിത്രത്തിന്റെ മുഴുനീള ട്രീറ്റ്‌മെന്റ് എന്നാണ് ട്രെയ്‌ലറില്‍ നിന്നും മനസിലാകാന്‍ സാധിക്കുന്നത്.

ചെമ്പന്‍ വിനോദിന്റെ സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ വികില്‍ വേണുവും ഉല്ലാസ് ചെമ്പനും ചേര്‍ന്ന് രചിച്ചിരിക്കുന്നു. ആര്‍മോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മണികണ്ഠന്‍ അയ്യപ്പ സംഗീത സംവിധാനം. എഡിറ്റിങ്ങ് രോഹിത് വി. എസ്. വാര്യത്ത്.

Top