ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സി ഇന്ന് ഡോർട്ട്മുണ്ടിനെ നേരിടും

ബൊറൂസിയ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യപാദത്തില്‍ ചെൽസി ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടും. ഇന്നത്തെ രണ്ടാം മത്സരത്തില്‍ ബെൻഫിക്കയ്ക്ക് ക്ലബ് ബ്രൂഗാണ് എതിരാളികൾ. രാത്രി ഒന്നരയ്ക്കാണ് ഇരു മത്സരങ്ങളും തുടങ്ങുക.

രണ്ട് വർഷം മുൻപ് യൂറോപ്പിന്‍റെ രാജാക്കന്മാരായിരുന്നു ഇംഗ്ലീഷ് സൂപ്പര്‍ ക്ലബായ ചെൽസി. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയായിരുന്നു 2021ൽ ചെൽസി ചാമ്പ്യൻസ് ലീഗ് സ്റ്റാംഫോർഡ് ബ്രിഡ്‌ജിലെത്തിച്ചത്. എന്നാൽ ഇന്ന് ആഭ്യന്തര തലത്തിലെ മൂന്ന് കിരീടപ്പോരിലും ചെൽസിയുടെ പേരില്ല. ഇഎഫ്എൽ കപ്പിലും എഫ്എ കപ്പിലും മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ് പുറത്തായി. പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്താണ് നിലവില്‍. അതിനാല്‍ ഏത് നിമിഷവും തെറിക്കാവുന്ന കസേരയില്‍ പരിശീലകൻ ഗ്രഹാം പോട്ടറുടെ അവസാന പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ്.

തുടരെ ആറ് മത്സരങ്ങളിൽ ജയവുമായെത്തുന്ന ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ ജർമൻ മണ്ണിൽ നേരിടുക ചെല്‍സിക്ക് എളുപ്പമാവില്ല. പുതുവർഷത്തിൽ ഒരു മത്സരത്തിൽപ്പോലും ജർമൻ ടീം തോൽവിയറിഞ്ഞിട്ടില്ല. അതേസമയം അവസാന 8 കളിയിൽ ചെൽസി ജയിച്ചതാകട്ടെ ഒരേയൊരു തവണ. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ എട്ട് താരങ്ങളെയെത്തിച്ചെങ്കിലും രജിസ്ട്രേഷൻ പൂർത്തിയാകാത്തതിനാൽ എല്ലാവരെയും കളിപ്പിക്കാനുമാകില്ല. സ്‌ട്രൈക്കര്‍ ഒബയാങ്ങും ചാമ്പ്യൻസ് ലീഗ് ടീമിലില്ല. യൂസൗഫ മൗക്കോക്കോ പരിക്കേറ്റ് പുറത്തായത് ബൊറൂസിയക്ക് തിരിച്ചടിയാകും. ഇതാദ്യമായാണ് ഇരു ടീമും യൂറോപ്യൻ പോരിൽ നേർക്കുനേർ വരുന്നത്. എന്നാൽ ഇംഗ്ലീഷ് ടീമുകളോട് ബൊറൂസിയയുടെ മോശം റെക്കോർഡ് ചെൽസിക്ക് പ്രതീക്ഷ നൽകും.

ഇന്നത്തെ മറ്റൊരു മത്സരത്തില്‍ പോർച്ചുഗീസ് കരുത്തരായ ബെൻഫിക്ക എവേ മത്സരത്തിൽ ക്ലബ്ബ് ബ്രൂഗിനെ നേരിടും. പിഎസ്‌ജിയുള്ള ഗ്രൂപ്പിൽ നിന്ന് ഒന്നാംസ്ഥാനക്കാരായാണ് ബെൻഫിക്ക പ്രീക്വാർട്ടറിലെത്തിയത്. ചരിത്രത്തിലാദ്യമായാണ് ബെൽജിയൻ ടീമായ ക്ലബ്ബ് ബ്രൂഗ് ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ കളിക്കുന്നത്.

Top