ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊമ്പുകോർക്കാൻ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മുന്‍ ചാംപ്യന്‍മാരായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടും. 16 കളിയില്‍ 26 പോയിന്റുമായി ആറാം സ്ഥാനത്താണ് ചെല്‍സി നിൽക്കുന്നതെങ്കിൽ 14 കളിയില്‍ ഇതേ പോയിന്റ് നിലയിൽ ലീഗില്‍ എട്ടാം സ്ഥാനത്താണ്‌ മാഞ്ചസ്റ്റര്‍ സിറ്റി. രാത്രി 10 മണിക്കാണ് മത്സരം. കെയ്ല്‍ വാക്കര്‍, ഗബ്രിയേല്‍ ജീസസ് എന്നിവരടക്കം കൊവിഡ് ബാധിതരായ അഞ്ച് താരങ്ങളില്ലാതെയാണ് സിറ്റിയിറങ്ങുന്നത്. റിയാദ് മെഹറസ്, കെവിന്‍ ഡിബ്രൂയിന്‍, റഹീം സ്റ്റെര്‍ലിംഗ്, സെര്‍ജിയോ അഗ്യൂറോ എന്നിവരിലാണ് സിറ്റിയുടെ പ്രതീക്ഷ. അവസാന അഞ്ച് കളിയിലും തോല്‍വി അറിയാതെ എത്തുന്ന സിറ്റി മൂന്നില്‍ ജയിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ചെല്‍സി അവസാന അഞ്ച് കളിയില്‍ മൂന്നിലും തോറ്റാണ് ഹോം ഗ്രൗണ്ടില്‍ പെപ് ഗാര്‍ഡിയോളയുടെ സിറ്റിയെ നേരിടാന്‍ ഒരുങ്ങുന്നത്. ക്രിസ്റ്റിയന്‍ പുലിസിച്, തിമോ വെര്‍ണര്‍, ടാമി അബ്രഹാം മുന്നേറ്റനിരയെയാണ് കോച്ച് ഫ്രാങ്ക് ലാംപാര്‍ഡ് ഉറ്റുനോക്കുന്നത്. മറ്റൊരു മത്സത്തില്‍ ലെസ്റ്റര്‍ സിറ്റി, ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും. 29 പോയിന്റുള്ള ലെസ്റ്റര്‍ നാലാമതും 19 പോയിന്റുള്ള ന്യൂകാസില്‍ പതിനാലും സ്ഥാനത്തുമാണ്.

Top