ചെല്‍സിക്ക് അപ്രതീക്ഷിത തോല്‍വി ; മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ആഴ്സണല്‍ പോരാട്ടം സമനിലയില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തോല്‍വി. വോള്‍വ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി തോറ്റത്.

അവസാന ആറു പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ വെറും ഒരു പോയന്റ് മാത്രമുള്ള വോള്‍വ്‌സിനോടായിരുന്നു ചെല്‍സിയുടെ അപ്രതീക്ഷിത തോല്‍വി. പതിനെട്ടാം മിനുട്ടില്‍ ലോഫ്റ്റസ് ചീകിന്റെ ഗോളിലൂടെ ചെല്‍സിയാണ് ആദ്യം മത്സരത്തില്‍ മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ 4 മിനുട്ടിനിടെ പിറന്ന രണ്ട് ഗോളുകള്‍ ചെല്‍സിയെ തകര്‍ത്തു. നിലവില്‍ പോയന്റ് പട്ടികയില്‍ നാലാമതാണ് ചെല്‍സി. വോള്‍വ്‌സ് 12ാമതും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ആഴ്സണല്‍ സൂപ്പര്‍ പോരാട്ടം സമനിലയില്‍. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. യുണൈറ്റഡ് മൈതാനമായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ ആഴ്സണലാണ് ആദ്യം ഗോള്‍ നേടിയത്.

ഇരുപത്തിയാറാം മിനുട്ടില്‍ മുസ്തഫിയാണ് അഴ്സണലിനെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ മുപ്പതാം മിനുട്ടില്‍ ആന്‍റണി മാര്‍ഷ്യലിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. രണ്ടാം പകുതിയില്‍ അറുപത്തിയെട്ടാം മിനുട്ടില്‍ മാര്‍ക്കോസ് റോജോയുടെ ഓണ്‍ഗോളിലൂടെ വീണ്ടും ആഴ്സണല്‍ മുന്നിലെത്തിയെങ്കിലും തൊട്ടടുത്ത മിനുട്ടില്‍ ജെസെ ലിംഗാര്‍ഡിലൂടെ യുണൈറ്റഡ് സമനില പിടിച്ചു.

Top