ഇടക്കാല പരിശീലകനായി ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡിനെ നിയമിച്ച് ചെല്‍സി

ലണ്ടന്‍: തുടര്‍ തോല്‍വികളില്‍ വലയുന്ന ചെല്‍സി ഇടക്കാല പരിശീലകനായി ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡിനെ നിയമിച്ചു. പുറത്താക്കപ്പെട്ട കോച്ച് ഗ്രഹാം പോട്ടറിന് പകരമാണ് ലാംപാർഡ് ചെൽസിയിലേക്ക് തിരിച്ചെത്തിയത്. ഈ സീസൺ അവസാനിക്കുംവരെ ആണ് നിയമനം. എവർട്ടൻ പുറത്താക്കിയ ലാംപാർഡ് ഇപ്പോൾ ഒരു ടീമിന്റെയും പരിശീലകനല്ല.

2019 മുതൽ 2021 ജനുവരി വരെ ലാംപാർഡ് ചെൽസിയുടെ കോച്ചായിരുന്നു. മോശം പ്രകടനത്തെ തുടർന്ന് ലാംപാർഡിനെ പുറത്താക്കുകയായിരുന്നു. എഫ് എ കപ്പില്‍ ഫൈനലിലെത്തെയത് മാത്രമായിരുന്നു ലംപാര്‍ഡിന്റെ കാലത്തെ പ്രധാന നേട്ടം. പ്രീമിയർ ലീഗിൽ പതിനൊന്നാം സ്ഥാനത്താണിപ്പോൾ ചെൽസി. പോട്ടറുടെ അഭാവത്തില്‍ ലിവര്‍പൂളിനെതിരായ മത്സരത്തില്‍ ബ്രൂണോ സാള്‍ട്ടറായിരുന്നു ചെല്‍സിയുടെ പരിശീലകന്‍.

പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച വോള്‍വ്സിനെതിരായ മത്സരത്തിലാകും ലംപാര്‍ഡ് ടീമിന്റെ താല്‍ക്കാലിക പരിശീലകനായി ചുമതലയേല്‍ക്കുക. പ്രീമിയർ ലീഗിൽ കിരീടപ്രതീക്ഷ കൈവിട്ടതിനാൽ ചാമ്പ്യൻസ് ലീഗ് ആണ് ഇനി ചെൽസിയുടെ ലക്ഷ്യം.ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡാണ് ചെൽസിയുടെ എതിരാളികൾ. ചെൽസിയുടെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളാണ് ഫ്രാങ്ക് ലാംപാർഡ്.

ഗ്രഹാം പോട്ടറുടെ പകരക്കാരനായി മുന്‍ ബാഴ്സലോണ പരിശീലകന്‍ ലൂയിസ് എന്റിക്വെ, ബയേണ്‍ മ്യൂണിക് പരിശീലകനായിരുന്ന ജൂലിയന്‍ നാഗില്‍സ്‌മാന്‍ എന്നിവരെയും ചെല്‍സി പരിഗണിച്ചിരുന്നു. ജനുവരിയിലെ ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകത്തില്‍ 300 മില്യണ്‍ പൗണ്ട് ചെലവഴിച്ച് താരങ്ങളെ ടീമിലെത്തിച്ചിട്ടും ചെല്‍സിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ എത്തി അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ഉറപ്പാക്കുകയും ചെല്‍സിയുടെ ലക്ഷ്യമാണ്.Chelsea appoints legend Frank Lampard as interim coach

Top