പ്രീമിയര്‍ ലീഗ് ; ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ചെല്‍സി

പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍സ് യോഗ്യത ഉറപ്പിക്കാന്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ ചെല്‍സി ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ സിറ്റി പരാജയപ്പെട്ടത്. ജയത്തോടെ ചെല്‍സി ലെസ്റ്റര്‍ സിറ്റിയെ മറികടന്ന് പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്ത് എത്തി. ചെല്‍സിയോട് തോറ്റതോടെ ലെസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തേക്ക് വന്നു.

മത്സരത്തിന്റെ ആദ്യം മുതല്‍ക്കെ തന്നെ മികച്ച കളിയാണ് ചെല്‍സി കളിച്ചത്. രണ്ട് തവണ ചെല്‍സി ലെസ്റ്ററുടെ വല കുലുക്കിയെങ്കിലും രണ്ട് തവണയും വെര്‍ണറുടെ ഗോള്‍ ‘വാര്‍’ നിഷേധിച്ചു. കൂടാതെ പെനാല്‍റ്റിക്ക് വേണ്ടിയുള്ള ചെല്‍സിയുടെ അപ്പീല്‍ റഫറി നിഷേധിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രതിരോധ താരം റൂഡിഗറിന്റെ ഗോളില്‍ ചെല്‍സി മത്സരത്തില്‍ മുന്‍പിലെത്തി.

തുടര്‍ന്ന് ലെസ്റ്റര്‍ പെനാല്‍റ്റി ബോക്‌സില്‍ വെര്‍ണറിനെ ഫൗള്‍ ചെയ്തതിന് അനുകൂലമായി ലഭിച്ച ഗോളാക്കി ജോര്‍ഗീനോ ചെല്‍സിയുടെ ലീഡ് ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ചെല്‍സി താരം കോവസിച്ചിന്റെ പിഴവില്‍ നിന്ന് ലെസ്റ്റര്‍ താരം ഇഹിനാചോ ഒരു ഗോള്‍ മടക്കിയെങ്കിലും തുടര്‍ന്ന് സമനില ഗോള്‍ നേടാന്‍ ലെസ്റ്ററിനായില്ല. നാളെ നടക്കുന്ന ബേണ്‍ലി ലിവര്‍പൂള്‍ മത്സരത്തില്‍ ലിവര്‍പൂള്‍ ജയിച്ചാല്‍ ലെസ്റ്റര്‍ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

Top