അധോലോക കഥ പറയുന്ന ചെക്കാ ചിവാന്തം വാനത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ദേശീയ അവാര്‍ഡ് ജേതാവ് മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ചെക്കാ ചിവാന്ത വാനത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രമാണിത്. അധികാരത്തിന്റെയും ശക്തിയുടെയും പശ്ചാത്തലത്തില്‍ കുടുംബ കഥ പറയുന്നതാണ് ചിത്രമെന്ന് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിയ്ക്കും. വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

സേനാപതിയുടെ കുടുംബത്തിന്റെ അധികാര വടംവലിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അദ്ദേഹത്തന്റെ ആദ്യ മകനില്‍ നിന്ന് മറ്റുള്ളവര്‍ കുടുംബത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പ്രകാശ് രാജാണ് സേനാപതിയുടെ വേഷം ചെയ്യുന്നത്. അരവിന്ദ് സ്വാമി, അരുണ്‍ വിജയ്, ചിമ്പു എന്നിവരാണ് മക്കളായി എത്തുന്നത്.

ജ്യോതിക, ഐശ്വര്യ രാജേഷ്, വിജയ് സേതുപതി, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തെലുങ്കില്‍ നവാബ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മദ്രാസ് ടാകീസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

കമലഹാസന്റെ നായകന്‍, രജനികാന്തിന്റെ ദളപതി എന്നിലവയാണ് അധോലോക കഥ പറഞ്ഞ മറ്റ് മണിരത്‌നം ഹിറ്റുകള്‍.

Top