ചേകന്നൂര്‍ മൗലവി വധക്കേസ് ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

kerala-high-court

കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി വി.വി. ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി വ്യക്തമാക്കി. ഇതേടെ ചേകന്നൂര്‍ മൗലവി വധക്കേസിലെ എല്ലാപ്രതികളും കുറ്റവിമുക്തരായി.

1993 ജൂലൈ 29നായിരുന്നു ചേകന്നൂര്‍ മൗലവിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മലപ്പുറം ജില്ലയിലെ എടപ്പാളിലെ വീട്ടില്‍നിന്ന് രാത്രി മതപ്രഭാഷണത്തിനെന്ന് പറഞ്ഞു വിളിച്ചിറക്കി കൊണ്ടുപോയ ചേകന്നൂര്‍ മൗലവിയെ പിന്നീട് ആരും കണ്ടിട്ടില്ല. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സെപ്ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും കേസ് അന്വേഷിച്ചു. എന്നാല്‍, കേസ് ഒടുവില്‍ സിബിഐക്ക് കൈമാറുകയായിരുന്നു. 2003ലായിരുന്നു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ അന്വേഷണത്തില്‍ മൗലവിയുടെ കൊലപാതകം സ്ഥിരീകരിച്ചെങ്കിലും ഭൗതിക ശരീരത്തിന്റെ യാതൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇസ്‌ലാമിക ചിന്തയില്‍ ചേകന്നൂര്‍ മൗലവി പുലര്‍ത്തിയ വ്യത്യസ്ത വീക്ഷണം അദ്ദേഹത്തിന് നിരവധി ശത്രുക്കളെയും സൃഷ്ടിച്ചിരുന്നു. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്ന പേരില്‍ മൗലവി സ്ഥാപിച്ച സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ആശയപ്രചാരണങ്ങള്‍ പലപ്പോഴും ശക്തമായ എതിര്‍പ്പുകളെയും നേരിടേണ്ടിവന്നു.

Top