കല്പ്പറ്റയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ പിടികൂടി

കല്പ്പറ്റ:വയനാട് കല്പ്പറ്റയില്‍ ജനവാസ കേന്ദ്രത്തില്‍ ഭീതി പടര്‍ത്തിയ പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടു. കല്പ്പറ്റ ഗൂഡലായിക്കുന്നിലാണ് പുലിയെ പിടികൂടിയത്.രണ്ടാഴ്ചയായി പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെടുകയായിരുന്നു.

പ്രദേശത്തെ വീടുകളിലെ ആടുകളേയും മറ്റ് ജീവികളേയും വേട്ടയാടിയിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനം വകുപ്പ് അന്വേഷണം നടത്തിയിരുന്നെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല.

വീണ്ടും പുലി അക്രമണം നടത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് സ്ഥാപിച്ച സി സി ടിവിയില്‍ പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. പിടികൂടിയ പുലിയെ പുലര്‍ച്ചെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി. വനത്തില്‍ തുറന്ന വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.

Top