ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം; സഹായിച്ചത് എംഎ യൂസഫലി

യുഎഇ: ചെക്കുകേസുമായി ബന്ധപ്പെട്ട് അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം ലഭിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ജാമ്യത്തുക നല്‍കിയത് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയാണ്. കേസില്‍ ജാമ്യം ലഭിക്കാന്‍ ഒരു ലക്ഷം ദിര്‍ഹം കെട്ടിവെച്ചു.

യു.എ.ഇ യിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായതിനാലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.

പത്തുവര്‍ഷം മുമ്പ് നടന്ന സംഭവത്തിന്‍മേലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ ചൊവ്വാഴ്ച രാത്രിയോടെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നാലു ദിവസം മുന്‍പാണ് തുഷാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്, ചെക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കെന്ന പേരില്‍ തുഷാറിനെ അജ്മാനിലേക്കു വിളിച്ചു വരുത്തി. പൊലീസില്‍ പരാതി നല്‍കിയ വിവരം തുഷാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.

അജ്മാനിലെ ഹോട്ടലിലെത്തിയ തുഷാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്പനിയുടെ ഉടമസ്ഥത കൈമാറിയപ്പോള്‍ നല്‍കിയ പത്തുദശലക്ഷം ദിര്‍ഹത്തിന്റെ, ഏകദേശം ഇരുപതു കോടി രൂപയുടെ ചെക്ക് വണ്ടിച്ചെക്കായിരുന്നുവെന്നാണ് പരാതി. സാമ്പത്തികകുറ്റകൃത്യമായതിനാല്‍ കേസിലെ പരാതി തീര്‍പ്പു കല്‍പ്പിക്കപ്പെടുകയോ പരാതിക്കാരന്‍ കേസ് പിന്‍വലിക്കുകയോ ചെയ്യണം. അതിനായുള്ള ശ്രമങ്ങള്‍ തുടരവെയായിരുന്നു സഹായ വാഗ്ദാനവുമായി യൂസഫലി രംഗത്തെത്തിയത്.

അതേസമയം, പരാതിക്കാരനായ നാസില്‍ അബ്ദുല്ലയുടെ വീട്ടില്‍ പൊലീസ് അന്വേഷണത്തിനായി എത്തി. കേരള പൊലീസാണ് നാസിലിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിലെത്തിയത്.

കേസിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി വെള്ളാപ്പള്ളി നടേശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയും പറഞ്ഞിരുന്നു.

Top