മാട്രിമോണിയല്‍ ആപ്പ് വഴി തട്ടിപ്പ് ; ആലപ്പുഴ സ്വദേശി അറസ്റ്റിൽ

മലപ്പുറം : മാട്രിമോണിയല്‍ ആപ്പ് വഴി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാർഡ് പൂവത്ത് വീട്ടിൽ അസറുദ്ദീനെയാണ് മലപ്പുറം കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്‌തത്. വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ യുവാവിനെതിരെ നിരവധി പരാതികളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു . കരുവാരക്കുണ്ടിലെ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പരാതിക്കാരിയിൽനിന്ന് 9 പവൻ ആഭരണങ്ങളും 85,000 രൂപയും പ്രതി കൈക്കലാക്കിയിരുന്നു.

സ്വന്തം തിരിച്ചറിയൽ രേഖ, ആധാർ മുതലായവ കൈമാറുകയും വിഡിയോ കോളിൽ സംസാരിക്കുകയും ചെയ്യും. വിശ്വാസം നേടിയെടുത്ത് ആദ്യം ചെറിയ സാമ്പത്തിക ഇടപാടുകൾ നടത്തി പണം കൃത്യമായി തിരികെ നൽകി വിശ്വാസം ഉറപ്പിക്കും. പിന്നാലെയാണ് കൂടുതൽ പണവും സ്വർണവും ആവശ്യപ്പെടുക. ഓൺലൈനിൽ റമ്മി കളിക്കാന്‍ വേണ്ടിയാണ് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച് ഇയാൾ പണം തട്ടിയത്. പ്രതി ആലപ്പുഴ, തലശേരി, തൃക്കരിപ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ നിന്നായി നാല് വിവാഹം കഴിച്ചതായി പൊലീസിന് വിവരം ലഭിച്ചു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Top