സിനിമയില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് നിര്‍മാതാവും ഭാര്യയും 25 ലക്ഷം തട്ടിയെന്ന് പരാതി

കൊച്ചി: സിനിമ നിര്‍മാണത്തില്‍ പങ്കാളിക്കാമെന്നു പറഞ്ഞു നിര്‍മാതാവും ഭാര്യയും ചേര്‍ന്നു 25 ലക്ഷം തട്ടിയെന്ന പരാതി.

മണീട് സ്വദേശി മോനി വി. ആതുക്കുഴിയാണ് പരാതിയുമായി രംഗത്തെത്തിയത്.

പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി സിനിമ ചെയ്യാമെന്നു പറഞ്ഞാണു യുവേഴ്സ് ഫെയ്ത്ത്ഫുളി എന്ന ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമായ ബിജു കട്ടയ്ക്കലും ഭാര്യയും ചേര്‍ന്നു പണം തട്ടിയതെന്നു മോനി ആരോപിച്ചു.

എന്നാല്‍ പുതുമുഖങ്ങളെയാണു സിനിമയില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്കു ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയെന്നു കാട്ടി 1.25 കോടിയുടെ കള്ളക്കണക്കുണ്ടാക്കി പങ്കാളികളെ വിശ്വസിപ്പിക്കുകയായിരുന്നു. അഭിനേതാക്കള്‍ക്ക് ആര്‍ക്കും പണം നല്‍കിയില്ലെന്നു ബോധ്യപ്പെട്ടതോടെയാണു തട്ടിപ്പ് പുറത്തായത്.

ഇതേ തുടര്‍ന്നു കോടതിയെ സമീപിച്ച് സിനിമയുടെ റിലീസിന് സ്റ്റേ വാങ്ങി. തട്ടിപ്പുകാര്‍ക്കെതിരേ പിറവം പോലീസിലും ആലുവ എസ്പിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Top