വിലയോ തുച്ഛം, ഗുണമോ മെച്ചം; ഹെല്‍മെറ്റിന്റെ ജിഎസ്ടി പിന്‍വലിക്കാന്‍ ഐആര്‍എഫ്

ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന്റെ പേരില്‍ ഇന്ത്യയില്‍ ഇരുചക്രവാഹന യാത്രക്കാരുടെ മരണനിരക്ക് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി അന്താരാഷ്ട്ര റോഡ് ഫെഡറേഷന്‍ (ഐആര്‍എഫ്). ഹെല്‍മെറ്റുകളുടെ ജിഎസ്ടി പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ഏജന്‍സിയുടെ ആവശ്യം. ഇരുചക്ര വാഹന യാത്രികര്‍ ഹെല്‍മറ്റ് ധരിക്കാതെ അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനും, സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഹെല്‍മറ്റിന് ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവും ഫെഡറേഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

നിലവില്‍ ഹെല്‍മെറ്റ് വിലയില്‍ ഇന്ത്യയില്‍ 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടുന്നു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസം 2022 ലെ ഇന്ത്യയിലെ റോഡപകടങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം 4.61 ലക്ഷം റോഡപകടങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചതായും 1.68 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു. മൊത്തം മരണസംഖ്യയില്‍ 50,029 പേര്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചവരാണ്. അവരില്‍ 70 ശതമാനത്തിലധികം റൈഡര്‍മാരായിരുന്നു.

1988ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ സെക്ഷന്‍ 129 പ്രകാരം എല്ലാ ഇരുചക്രവാഹന യാത്രികരും ഹെല്‍മറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. ഈ ട്രാഫിക് നിയമം ലംഘിച്ചാല്‍ ഡല്‍ഹിയില്‍ 1000 രൂപ വരെ പിഴ ഈടാക്കും . മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും ഇത് ഇടയാക്കും.

മിക്ക ഇരുചക്രവാഹന യാത്രികരും വിലകുറഞ്ഞതും അപകടമുണ്ടായാല്‍ തടയാന്‍ പര്യാപ്തമല്ലാത്തതുമായ ഹെല്‍മെറ്റുകള്‍ വാങ്ങാന്‍ തയ്യാറാകുന്നതായി കണ്ടിട്ടുണ്ടെന്നും ഐആര്‍എഫ് പ്രസിഡന്റ് കെ കെ കപില പറഞ്ഞു. ഹെല്‍മെറ്റുകളില്‍ ജിഎസ്ടി ഉണ്ടാകരുതെന്ന് ഐആര്‍എഫ് ശക്തമായി ശുപാര്‍ശ ചെയ്യുന്നുവെന്നും ഇത് സാധാരണ ഹെല്‍മെറ്റുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയുള്ളതാക്കാനും നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ വാങ്ങുന്നതില്‍ നിന്ന് അവരെ നിരുത്സാഹപ്പെടുത്താനും സഹായിക്കുമെന്നും ഐആര്‍എഫ് പറയുന്നു.

2023 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നിയമലംഘകരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ദേശീയ തലസ്ഥാനത്ത് നല്‍കിയ മൊത്തത്തിലുള്ള ചലാനുകളേക്കാള്‍ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന നിരവധി കേസുകള്‍ ഡല്‍ഹിയില്‍ കാണുന്നുണ്ട്. ഡല്‍ഹി പോലീസിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ നാല് മാസത്തിനുള്ളില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്ര വാഹന യാത്രികര്‍ക്ക് ഒരു ലക്ഷത്തിലധികം ചലാന്‍ നല്‍കിയിട്ടുണ്ട്.

Top