കുറഞ്ഞ വിലയിൽ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോൺ 14 ഉടൻ

ചെന്നൈ: ഇന്ത്യയിലെ ഐഫോൺ ആരാധകർക്കൊരു സന്തോഷവാർത്ത. ഏറെ കാത്തിരിപ്പിനൊടുവിൽ ഈ മാസം ആദ്യത്തിൽ പുറത്തിറങ്ങിയ ഐഫോൺ 14 രാജ്യത്തും നിർമാണം ആരംഭിച്ചു. ചെന്നൈയിലെ ഫോക്‌സോൺ പ്ലാന്റിലാണ് ഫോൺ നിർമിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ മാർക്കറ്റുകളിൽ പുതിയ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയിൽ ഐഫോൺ 14 നിർമിക്കുമെന്ന് നേരത്തെ ആപ്പിൾ പ്രഖ്യാപിച്ചിരുന്നു. പുതിയ സീരീസിന്റെ ലോഞ്ചിങ്ങിന്റെ പിന്നാലെ ഫോണിന്റെ തദ്ദേശീയ ഉൽപാദനത്തിന് തുടക്കമിട്ടിരിക്കുകയാണ്. പ്രധാനമായും ഇന്ത്യൻ വിപണി ലക്ഷ്യമിട്ടാണ് ഇവിടെ നിർമാണം ആരംഭിച്ചതെങ്കിലും പുറത്തേക്ക് കയറ്റുമതി ചെയ്യുമെന്നും കമ്പനി സൂചിപ്പിക്കുന്നുണ്ട്.

ചൈനയിൽനിന്ന് പാർട്‌സുകൾ ചെന്നൈയിലെ പ്ലാന്റിലെത്തിച്ചാകും നിർമാണം. അതേസമയം, തദ്ദേശീയമായ ഉൽപാദനത്തിലൂടെ ഐഫോൺ വില ഇനിയും കുറയുമെന്നാണ് കരുതപ്പെടുന്നത്. 20 ശതമാനം ഇറക്കുമതി തീരുവയിൽനിന്ന് ഒഴിവാകാനാകുമെന്നതു തന്നെയാണ് പ്രധാന കാര്യം. ഇത് ഫോൺവിലയിലും മാറ്റമുണ്ടാക്കിയേക്കും. നിലവിൽ 79,900 രൂപയാണ് ഐഫോൺ 14ന്റെ ഇന്ത്യയിലെ അടിസ്ഥാനവില.

ആപ്പിളിന്റെ ലോകത്തെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ചൈനയാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ഫോൺ നിർമിക്കുന്നതുവഴി വൻ നേട്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2017ലാണ് ഐഫോൺ നിർമാണം ഇന്ത്യയിൽ ആരംഭിച്ചത്. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13 സീരീസുകൾ നിലവിൽ ചെന്നൈയിലെ പ്ലാന്റിൽ നിർമിക്കുന്നുണ്ട്.

Top