ദേവനിലയം റൈഡ് ; ആദായനികുതി വകുപ്പിന്റെ നടപടി വേദനിപ്പിച്ചുവെന്ന് തമിഴ്‍‍നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയത്തില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധന എല്ലാവർക്കും വിഷമമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി.

വേദനിലയം ഞങ്ങള്‍ക്ക് ക്ഷേത്രമാണ്. ചിലരുടെ പ്രവര്‍ത്തികളാണ് പരിശോധനകള്‍ക്ക് ഇടയാക്കിയതെന്നും പളനിസാമി മധുരൈയില്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് വേദനിലയത്തില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

വേദനിലയത്തിലെ റെയ്ഡിനെ രാഷ്ട്രീയമായി ഉപയോഗിയ്ക്കാനുള്ള ദിനകരന്‍ വിഭാഗത്തിന്റെ ശ്രമത്തിനിടെയാണ് മുഖ്യമന്ത്രി ആദ്യപ്രതികരണവുമായി എത്തിയത്.

ആദായനികുതി വകുപ്പിന്റെ റെയ്ഡും സംസ്ഥാന സര്‍ക്കാറുമായി ഒരു ബന്ധവുമില്ല. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതാണ് ഐടി വകുപ്പ്.

തന്നെ മുഖ്യമന്ത്രിയാക്കിയത്, ദിനകരനല്ലെന്നും എംഎല്‍എമാരാണെന്നും എടപ്പാടി പളനിസാമി പറഞ്ഞു.

ദിനകരന്‍ പക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെ അവഗണിച്ചായിരുന്നു റെയ്ഡ്, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാഷ്ട്രീയമായി പകപോക്കുകയാണെന്ന ദിനകരന്റെ വാദത്തിന് മറുപടിയുമായാണ് പളനിസാമി രംഗത്തെത്തിയിട്ടുള്ളത്.

Top