ചെ രാജ്യാന്തര ചെസ്സ് ഫെസ്റ്റിവലില്‍ ; ലോക രണ്ടാം നമ്പര്‍ താരമായ ആര്‍ പ്രഗ്യാനന്ദക്ക് വിജയം

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് യുവജനകാര്യ വകുപ്പും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ ചെ രാജ്യാന്തര ചെസ്സ് ഫെസ്റ്റിവലിന്റെ അവസാന ദിവസം നടന്ന ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ താരമായ ആര്‍ പ്രഗ്യാനന്ദക്ക് വിജയം. കേരളത്തിന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിനെ പത്ത് റൗണ്ട് ബ്ലിറ്റ്‌സ് മത്സരത്തില്‍ 7.5 പോയിന്റ് നേടിയാണ് പരാജയപ്പെടുത്തിയത്. നിഹാല്‍ 2.5 പോയിന്റുകള്‍ നേടി. ഇരുവരുടെയും മത്സരം വിവിധ രാജ്യങ്ങളില്‍ ലൈവ് സ്ട്രീം ചെയ്യുകയും ഒരേസമയം ഏകദേശം 20,000 ത്തോളം പേര്‍ ലൈവ് ആയി കാണുകയും ചെയ്തു. ഇന്ത്യയിലെ തന്നെ മികച്ച ഗ്രാന്‍ഡ്മാസ്റ്ററന്മാരായ ഇരുവരും ഇതാദ്യമായാണ് പരസ്പരം ഏറ്റുമുട്ടുന്നത്.

അഞ്ചു ദിവസമായി നടന്ന് വന്ന ചെ രാജ്യാന്തര ചെസ്സ് ഫെസ്റ്റിവല്‍ കേരളത്തിലെ ചെസ്സ് കളിക്കാര്‍ക്കും പ്രേമികള്‍ക്കും മികച്ച അനുഭവമായിരുന്നു. സംസ്ഥാന സര്‍ക്കാരും ക്യൂബയുമായുള്ള സഹകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ന്റെ ക്യൂബന്‍ സന്ദര്‍ശന വേളയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് അഞ്ച് മികച്ച ക്യൂബന്‍ ചെസ്സ് താരങ്ങള്‍ കേരളം സന്ദര്‍ശിച്ചത്, ക്ലാസിക്കല്‍, റാപ്പിഡ് ബ്ലിറ്റ്‌സ് ഫോര്‍മാറ്റുകളില്‍ കേരള ടീമുമായി ഇവര്‍ കളിച്ചു. ക്യൂബന്‍ സംഘത്തില്‍ മൂന്ന് ഗ്രാന്‍ഡ് മാസ്റ്ററന്മാരും ഒരു ഇന്റര്‍നാഷണല്‍ മാസ്റ്ററും അംഗങ്ങളായിരുന്നു. ഫെസ്റ്റിവലിന്റെ മൂന്നാം ദിനവും നാലാം ദിനവും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമെത്തിയ 64 താരങ്ങള്‍ക്കായി ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ വി ശരവണനും, പ്രശസ്ത കോച്ച് ആര്‍ ബി രമേശും ശില്പശാലകള്‍ നയിച്ചു.

ഇരുവരും ആദ്യ റൗണ്ടില്‍ മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യ റൗണ്ടില്‍ പ്രഗ്യാനന്ദ നിഹാലിന്റെ ചെറിയ പിഴവിലൂടെ മികച്ച വിജയം സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ നിഹാല്‍ കളി മെച്ചപ്പെടുത്തുകയും ആ റൗണ്ടില്‍ വിജയിക്കുകയും ചെയ്തു. മൂന്ന് നാലും റൗണ്ടുകളില്‍ പ്രഗ്യാനന്ദ മുന്നേറിയപ്പോള്‍ അഞ്ചാം റൗണ്ടില്‍ നിഹാല്‍ വിജയിച്ചു. ആറാം റൗണ്ടില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞു. അടുത്ത മൂന്ന് റൗണ്ടുകളിലും പ്രഗ്യാനന്ദ വിജയിച്ചു. നാലാമത്തെയും ഒമ്പതാമത്തെയും റൗണ്ടുകളില്‍ 80 നീക്കങ്ങളാണ് ഇരുവരും നടത്തിയത്.

 

Top