ചെഗുവേര ആത്മഹത്യ ചെയ്തതെന്ന്, വെട്ടിലായി മുസ്ലീംലീഗ് നേതൃത്വം

വംബർ 6 ന് മാതൃഭൂമി ന്യൂസിലെ പ്രൈം ടൈം ചർച്ചയിൽ നടന്ന മുസ്ലീം ലീഗ് നേതാവിന്റെ വിവാദ പരാമർശം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. മുസ്ലീം ലീഗ് നേതാക്കളുടെ ചരിത്ര ബോധം എത്രത്തോളമാണ് എന്നത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തി കൊടുത്ത പരാമർശങ്ങളാണ് ചർച്ചയിൽ പങ്കെടുത്ത മുസ്ലിം ലീഗ് സംസ്ഥാന നേതാവ് ഷാഫി ചാലിയം നടത്തിയിരിക്കുന്നത്. ലോകത്തെ പൊരുതുന്ന മനസ്സുകളുടെ ആവേശമായ ധീരനായ കമ്യൂണിസ്റ്റ് ചെഗുവേരയെ കുറിച്ച് ലീഗ് നേതാവ് പറഞ്ഞ വാക്കുകൾ കേട്ട് രാഷ്ട്രീയ കേരളമാണ് അമ്പരന്നു പോയിരിക്കുന്നത്. കൊച്ചു കുട്ടികൾക്കു പോലും അറിവുള്ള കാര്യം പോലും ലീഗ് നേതാക്കൾക്കില്ലേ എന്നതാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരിക്കുന്ന ചോദ്യം. ഇതോടെ നാണം കെട്ടിരിക്കുന്നതാകട്ടെ യു.ഡി.എഫ് എന്ന മുന്നണി കൂടിയാണ്.

ഏണസ്റ്റോ ചെഗുവേര എന്ന പേര് മുസ്ലീം ലീഗുകാരനെയും കേൺഗ്രസ്സുകാരനെയും സംബന്ധിച്ച് ചുരുട്ടു വലിക്കാരന്റെ വെറും ഒരു രൂപംമാത്രമാണ്. ലീഗ് നേതാവ് ഷാഫി ചാലിയത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ലോകം കണ്ട ഏറ്റവും വലിയ ഭീരുകൂടിയാണ് ചെഗുവേര. ലോകം കണ്ട ഏറ്റവും വലിയ ഈ വിപ്ലവകാരി പേടിച്ച് ആത്മഹത്യ ചെയ്തു കളഞ്ഞു എന്നു വരെ വിളിച്ചു പറഞ്ഞതും ലീഗിന്റെ സമുന്നതനായ നേതാവ് തന്നെയാണ്. ബ്രിട്ടീഷ് പട്ടാളത്തിനു മുന്നിൽ “വെയ്ക്കട വെടി” എന്നും പറഞ്ഞ് നെഞ്ചുവിരിച്ച് നിന്ന വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജി മുസ്ലീം ലീഗിന്റെ നേതാവാണെന്നു വരെ ഒരു ഘട്ടത്തിൽ ഷാഫി ചാലിയം പറഞ്ഞു കളഞ്ഞു. ഒടുവിൽ ഈ പരാമർശത്തിൽ അദ്ദേഹഞ്ഞ തിരുത്താൻ ചർച്ച നയിച്ച മാതൃഭൂമി അവതാരകനു തന്നെ ഇടപെടേണ്ട ഗതികേടും ഉണ്ടായി.

സി.പി.എമ്മിന്റെയും എസ്.എഫ് ഐയുടെയും “പൊളിറ്റിക്കൽ റോൾമോഡലാണ്” കഞ്ചാവടിക്കുന്ന ചെഗു വേര എന്നതാണ് ലീഗ് നേതാവിന്റെ മറ്റൊരു വാദം. ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതിനിടെ തോന്നുന്നതെല്ലാം വിളിച്ചു പറയുന്ന സമീപനമാണ് ഷാഫി ചാലിയം സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ ചെഗുവേര എന്ന വിപ്ലവകാരി ആരാണ് എന്നതും അദ്ദേഹം എങ്ങനെയാണ് മരണപ്പെട്ടത് എന്നതും ലീഗ് നേതാക്കളും അറിയേണ്ടതുണ്ട്.

ഏണസ്റ്റോ ചെഗുവേര എന്നത് ലോകത്തിന് വെറുമൊരു പേര് മാത്രമല്ല. 40 വർഷം മാത്രം നീണ്ടു നിന്ന ജീവിതത്തിനിടയിൽ ലോകസാമ്രാജ്യത്തെ വിറപ്പിച്ച വിശ്വവിമോചന പോരാട്ടത്തിന്‍റെ പ്രതിരൂപം കൂടിയാണ്. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ജനിച്ച അർജന്റീനയിലെ അതേ റൊസാരിയോയിൽ ജനിക്കുകയും ക്യൂബയിൽ ഫിഡൽ കാസ്ട്രോക്കൊപ്പം വിപ്ലവം നടത്തി ബൊളിവിയൻ പോരാട്ടത്തിനിടയിൽ ലോകത്തിന്റെ രക്തസാക്ഷിയായി മാറുകയും ചെയ്ത ധീര വിപ്ലവകാരിയാണ് ചെഗുവേര. ആ പേര് പറയാനുള്ള യോഗ്യത പോലും അദ്ദേഹത്തെ വിമർശിക്കുന്നവർക്കില്ലന്നതും നാം തിരിച്ചറിയണം.

ഉന്നത വൈദ്യശാസ്ത്ര ബിരുദം നേടിയ ചെഗുവേര കേരളത്തിലെ മുസ്ലീംലീഗ് നേതാക്കളെ പോലെ സ്വന്തം കാര്യം നോക്കിയല്ല ജീവിച്ചിരുന്നത്. സാധാരണക്കാരനെ അടിമകളാക്കിയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ നിരന്തരം അതിശക്തമായ ഗറില്ലാ പോരാട്ടമാണ് അദ്ദേഹം നടത്തിയിരുന്നത്. ശരിക്കും ‘മരണത്തിന്റെ മുഖത്ത് ചവിട്ടിയുള്ള’ രക്ത രൂക്ഷിത പോരാട്ടം തന്നെ ആയിരുന്നു അത്. അങ്ങനെ പൊരുതിയ ഒരു മനുഷ്യനെയാണ് ഭീരു എന്ന് മുസ്ലീം ലീഗ് നേതാവ് വിശേഷിപ്പിച്ചിരിക്കുന്നത്. സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടാൻ ആയുധം കയ്യിലേന്തിയ പോരാളി ആയതിനാലാണ് ഇന്നും പൊരുതുന്ന മനസ്സുകൾക്ക് ചെഗുവേര ആവേശമാകുന്നത്.

പ്രതിസന്ധികൾ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കാനും പുതുയുഗത്തിനുവേണ്ടി ജീവിതം സമർപ്പിക്കാനും ആ വിപ്ലവകാരി ഒരു തരിമ്പ് പോലും മടിച്ചു നിന്നിരുന്നില്ല. അതുകൊണ്ട് കൂടിയാണ് ലോകജനതയുടെ മനസ്സിൽ ആളിപ്പടരുന്ന തീപ്പന്തമായി ചെഗുവേര ഇന്നും ജ്വലിച്ചു നിൽക്കുന്നത്. ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റുകൾ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കേരളത്തിലും ചെഗുവേര ഹീറോയാണ്. അതിൽ കമ്യൂണിസ്റ്റ് വിരുദ്ധർ കലിപൂണ്ടിട്ട് ഒരു കാര്യവുമില്ല. ലോകത്തെ മറ്റൊരു പ്രതിയശാസ്ത്രത്തിനും ഇതു പോലെ ചൂണ്ടിക്കാട്ടാൻ ആണൊരുത്തൻ വേറെയില്ല. മരിച്ചിട്ടും ജനമനസ്സുകളിൽ ചെഗുവേര ജീവിക്കുന്നത് അതു കൊണ്ടാണ്.

1964 ഡിസംബർ 11 ന് ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭ സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ചെഗുവേരക്കു നേരെ വന്ന വെടിയുണ്ടകൾ ആ വിപ്ലവകാരിയെ ലോക സാമ്രാജ്യത്വം എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നതിന്റെ ഉദാഹരണമാണ്. ക്യൂബൻ വിപ്ലവത്തിനു ശേഷം ബൊളീവിയൻ കാടുകളിൽ ഗറില്ലാ പോരാട്ടത്തിൽ ഏർപ്പെട്ട ചെഗുവേരയെ അമേരിക്കൻ കൂലിപ്പട്ടാളമാണ് പിടികൂടിയിരുന്നത്. അദേഹത്തെ വെടിവച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാന്‍ സലാസര്‍ ഈ അടുത്തയിടെയാണ് മരണപ്പെട്ടത്. 1967 ഒക്ടോബർ 8 ചെഗുവേര കൊല്ലപ്പെട്ട ദിവസമാണ്. ചെഗുവേരയെ കൊന്ന അനുഭവം ആ സൈനികൻ തന്നെ ലോകത്തോട് പിന്നീട് വിളിച്ചു പറഞ്ഞിട്ടുണ്ട്.

ലീഗ് നേതാവ് പരിഹസിച്ചതു പോലെ പേടിച്ചു വിറച്ച ചെഗുവേരയെയല്ല “തന്റെ കണ്ണിലേക്ക് നോക്കി വെടിവെക്കണമെന്നു” ആവശ്യപ്പെട്ട ധീരനായ ചെഗുവേരയെയാണ് ടെറാന്‍ കണ്ടിരുന്നത്. ബൊളീവിയയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്‌കൂളില്‍ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയിരുന്നത്. വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ 39 വയസ് മാത്രമായിരുന്നു ചെഗുവേരയുടെ പ്രായം എന്നതും നാം ഓർക്കേണ്ടതുണ്ട്. “ഈ പരാജയം വിപ്ലവത്തിന്റെ അവസാനമല്ലന്ന്” പ്രഖാപിച്ചാണ് വെടിയുണ്ടകളെ ചെഗുവേര സ്വന്തം ശരീരത്തിൽ ഏറ്റു വാങ്ങിയിരുന്നത്. ‘കാലൻ’ പോലും നമിച്ചു പോയ നിമിഷമായിരുന്നു അത്.

താൻ കൊല്ലപ്പെടാൻ പോകുന്നു എന്നുറപ്പിച്ച നിമിഷത്തിലും ചെഗുവേര അവസാനമായി ആവശ്യപ്പെട്ടത് അമേരിക്കൻ കൂലിപ്പട്ടാളം തന്നെ ബന്ധിയാക്കി വെച്ച സ്കൂളിലെ അധ്യാപികയെ കാണണമെന്നതായിരുന്നു. അവരോട് സംസാരിച്ചതാകട്ടെ സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതുമാണ്. മരണമുഖത്ത് നിൽക്കുമ്പോഴും ഇങ്ങനെയൊക്കെ പറയാൻ ചെഗുവേരക്കല്ലാതെ മറ്റാർക്ക് തന്നെ കഴിയുകയില്ല.

ടെറാന്‍ എന്ന സൈനികൻ തന്റെ യന്ത്രത്തോക്കുകൊണ്ട് ചെ ഗുവേരക്കു നേരെ പലവട്ടമാണ് നിറയൊഴിച്ചത്. കൈകളിലും കാലിലും വെടിയേറ്റ് നിലത്തു വീണ ചെഗുവേര കരയാതിരിക്കാനായി തന്റെ സ്വന്തം കൈയ്യില്‍ കടിച്ചു പിടിച്ച രംഗം. നിറയൊഴിച്ച സൈനികനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. തുടർന്ന് നെഞ്ചിലുള്‍പ്പടെ ഒൻപതുപ്രാവശ്യം വെടിയേറ്റതോടെയാണ് ആ ശരീരം നിലച്ചിരുന്നത്. മരണശേഷം ചെ ഗുവേരയുടെ ശവശരീരം ഒരു ഹെലികോപ്ടറിന്റെ വശത്ത് കെട്ടിവച്ച നിലയിലാണ് കൊണ്ടുപോയിരുന്നത്.

വല്ലൈഗ്രാന്‍ഡയിലുള്ള ഒരു ആശുപത്രിയിലെ അലക്കുമുറിയില്‍ ആണ് ചെഗുവേരയുടെ മൃതശരീരം കിടത്തിയിരുന്നത്. മരിച്ചത് ചെഗുവേര തന്നെയെന്ന് ഉറപ്പിക്കാനായി നിരവധി പേരെയും അധികൃതർ കൊണ്ടുവന്നിരുന്നു. അതില്‍ പ്രധാനിയായിരുന്നു ബ്രിട്ടീഷ് പത്രലേഖകനായിരുന്ന റിച്ചാര്‍ഡ് ഗോട്ട് ഇദ്ദേഹമാണ് ജീവനോടെ ചെഗുവേരയെ കണ്ടിരുന്ന ഏക സാക്ഷി. മരിച്ചു കിടന്ന ചെഗുവേരയെ അവിടുത്തെ ആളുകള്‍ ഒരു വിശുദ്ധനെപ്പോലെയാണ് നോക്കി കണ്ടിരുന്നത്. ഇന്നും ലോകത്തെ യുവത്വത്തെ ഏറെ ത്രസിപ്പിക്കുന്ന മുഖമാണ് ചെഗുവേരയുടേത്. അത് കേവലം ആവേശം മാത്രമല്ല ഉൾകരുത്തു കൂടിയാണ്. കേരളത്തിലെ കാമ്പസുകളിലും തെരുവുകളിലും മാത്രമല്ല, വിപ്ലവ പ്രസ്ഥാനങ്ങളുടെ പതാകകളിലും, പ്രവർത്തകരുടെ വസ്ത്രങ്ങളിലും പോലും , ചെഗുവേരയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ചെഗുവേരയുടെ മുഖം പച്ചകുത്തിയ എത്രയോ ആളുകൾ ലീഗ് നേതാവ് ഷാഫിയുടെ നാട്ടിൽ തന്നെ കാണും. അതിലൊന്നും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് ഒരു കാര്യവുമില്ല.

മലപ്പുറത്തെ ഏതെങ്കിലും പൊട്ടകിണറ്റിൽ ഒതുങ്ങുന്ന പ്രത്യയശാസ്ത്രമല്ല കമ്യൂണിസ്റ്റുകളുടേത്. അതിന് എവിടെയും അതിരുകളുമില്ല. അതു കൊണ്ടാണ് അർജന്റീനക്കാരനായ ചെഗുവേര ക്യൂബയിലെ ജനവിരുദ്ധ സർക്കാറിനെതിരെ പോരാട്ടം നയിച്ചത്. അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് അദ്ദേഹം സ്വീകരിച്ചത്. ഒടുവിൽ ബൊളീവിയയിൽ വച്ച് സ്വന്തം ജീവൻ തന്നെയാണ് ചെഗുവേരയ്ക്ക് ‘ബലിയും’ നൽകേണ്ടി വന്നിരിക്കുന്നത്. ചെഗുവേരയുടെ ജീവിതം മാത്രമല്ല മരണംപോലും ഏറെ ആവേശകരമാണ്. അതാകട്ടെ ഒരു യാഥാർത്ഥ്യവുമാണ്.

ചുവപ്പിനോടുള്ള പക തീർക്കാൻ എന്തും വിളിച്ചു പറഞ്ഞു കളയാം എന്നത് ഒരു ലീഗ് നേതാവിനും ഭൂഷണമായ കാര്യമല്ല. ചരിത്ര യാഥാർത്ഥ്യങ്ങളെ യാഥാർത്ഥ്യങ്ങളായി തന്നെ കാണാൻ തയ്യാറാകുകയാണ് വേണ്ടത്. വിവര സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് ഗൂഗിളിൽ ഒന്നു തിരഞ്ഞാൽ ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ് ചാനൽ ചർച്ചയിൽ വളച്ചൊടിച്ച് ഷാഫി ചാലിയം വക്രീകരിച്ചിരിക്കുന്നത്. അവസരം ലഭിച്ചാൽ എന്തും വിളിച്ചു പറയാമെന്ന ഈ നിലപാട് രാഷ്ട്രീയ കേരളത്തിൽ വിലപ്പോവുകയില്ല. അതും ലീഗ് നേതൃത്വം ഓർത്തു കൊള്ളണം.

EXPRESS KERALA VIEW

Top