ചാവക്കാട് കൊലപാതകം ; നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു

തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികള്‍ ചാവക്കാട് ഭാഗത്തുളളവര്‍ തന്നെയെന്നും പൊലീസ് അറിയിച്ചു. കൊലയ്ക്ക് പിന്നില്‍ 22 അംഗ സംഘമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാവിലെ 9ന് ആയിരുന്നു മരണം. ചൊവ്വാഴ്ച്ച വൈകിട്ട് 6.30നാണ് 7 ബൈക്കുകളിലെത്തിയ 15 അംഗ സംഘം നൗഷാദ് ഉള്‍പ്പെടെ 4 പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പുന്ന സെന്ററില്‍ നിന്നിരുന്ന നൗഷാദ് അടക്കമുള്ളവരെ വാള്‍, വടിവാള്‍, ഇരുമ്പ് പൈപ്പ് തുടങ്ങിയവയുമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഘത്തില്‍ ചിലര്‍ മുഖംമൂടി ഉപയോഗിച്ചിരുന്നതായും പറയുന്നു.

വെട്ടേറ്റ 4 പേരെയും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാവീട് സ്വദേശി തെക്കെപ്പുരക്കല്‍ ബിജേഷ്(40), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്(28), പുന്ന അയിനിപ്പുള്ളി സുരേഷ്(38) എന്നിവര്‍ ചികിത്സയിലാണ്. ബിജേഷിന്റെ പരുക്കു സാരമുള്ളതാണ്. ബിജേഷും സുരേഷും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. നൗഷാദുമായി ഇവര്‍ സംസാരിച്ചു നില്‍ക്കവെ ബന്ധുവീട്ടിലെത്തിയ നിഷാദ് ഇവര്‍ക്കടുത്തെത്തുകയായിരുന്നു. നേരത്തെ ഇവിടെ കോണ്‍ഗ്രസ് – എസ്ഡിപിഐ സംഘര്‍ഷം നിലനിന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അതേസമയം, 28 മുറിവുകള്‍ ശരീരത്തിലുണ്ടെന്നും രക്തധമനികള്‍ മുറിഞ്ഞ് അമിതമായി രക്തം വാര്‍ന്നതും തലയ്ക്കും കഴുത്തിനും ഏറ്റ മുറിവും മരണകാരണമായെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്ഡിപിഐ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി പുന്ന, ചാവക്കാട് മേഖലകളിലെ മുപ്പത്തിലേറെ എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തു.

എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ചാവക്കാട് സ്വദേശികളായ ഷാജി, മൊയ്തീന്‍, അഷ്‌റഫ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിസംഘത്തിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ അക്രമം നടന്നയുടന്‍ സ്ഥലത്ത് നിന്ന് മുങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Top