ചാവക്കാട് കൊലപാതകം ആസൂത്രിതം ; സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനമെന്ന്‌…

തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനമാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം എസ്ഡിപിഐ ആസൂത്രിതമായി നടത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു.

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ഘാതകരെപിടികൂടാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. പൊലീസിന്റെ വീഴ്ചയാണ് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കൊലപാതകം ആവര്‍ത്തിക്കാന്‍ കാരണം. എസ്ഡിപിഐയെ നിയമപരമായി നേരിടണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.

കേരള രാഷ്ട്രീയത്തില്‍ പുതിയ അക്രമികള്‍ ഉയര്‍ന്ന് വരികയാണെന്നും എസ്ഡിപിഐ യുടെ ഭീകരതയെ ചെറുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകികളെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

വെട്ടേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് കൂടിയായ പുതുവീട്ടില്‍ നൗഷാദ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പുന്ന സെന്ററില്‍ വച്ച് നൗഷാദ് ഉള്‍പ്പെടെ നാലു പേര്‍ക്ക് വെട്ടേല്‍ക്കുകയായിരുന്നു. മറ്റ് മൂന്നു പേരും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇവരെ ആക്രമിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ എസ്ഡിപിഐ അത് നിഷേധിച്ചിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നൗഷാദിന് ഒട്ടേറെ ശത്രുക്കളുണ്ട്. അവരാണ് ആക്രമണം നടത്തിയതെന്നാണ് എസ്ഡിപിഐയുടെ മറുപടി. മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്ന നൗഷാദ് പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

Top