മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തീകരിക്കാതെ കോവാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കില്ല; ചത്തീസ്ഗഡ്

റായ്പുര്‍: മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തീകരിക്കാതെ ഭാരത് ബയോടെകിന്റെ കോവാക്സിന്‍ വിതരണത്തിന് അനുമതി നല്‍കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍. മൂന്ന് ഘട്ട പരീക്ഷണങ്ങളും പൂര്‍ത്തീകരിക്കാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിതരണത്തിനെത്തിച്ചാലും സംസ്ഥാനത്തിനുള്ളില്‍ വിതരണാനുമതി നല്‍കില്ലെന്ന് ആരോഗ്യമന്ത്രി ടി.എസ്. സിങ് ദിയോ അറിയിച്ചു.

ഭോപ്പാലില്‍ കോവാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ആരോഗ്യവിദഗ്ധര്‍ വാക്സിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയുയര്‍ത്തിയത് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വാക്സിന്‍ സ്വീകരിച്ചതുമായി മരണത്തിന് ബന്ധമില്ലെന്നും ഹൃദയ തകരാറാണ് കാരണമെന്നും ഭാരത് ബയോടെക് അറിയിച്ചിരുന്നു. മൂന്ന് പരീക്ഷണഘട്ടങ്ങളും പൂര്‍ത്തിയാക്കാതെയുള്ള വാക്സിന്‍ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് ധൃതി കാട്ടുന്നതെന്നും സിങ് ദിയോ ചോദ്യമുന്നയിച്ചു.

കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകല്‍ വൈകുന്നത് സംശയം ജനിപ്പിക്കുന്നതാണെന്നും 28,000 ത്തോളം സംപിളുകള്‍ ശേഖരിക്കേണ്ടിടത്ത് 23,000 സാംപിളുകളാണ് ഇതുവരെ ശേഖരിച്ചതായി അറിയാന്‍ കഴിഞ്ഞതെന്നും സിങ് ദിയോ അഭിപ്രായപ്പെട്ടു.

Top