മഞ്ജു വാര്യരുടെ ഹൊറർ ചിത്രം ‘ചതുർമുഖം’ ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും

സംസ്ഥാനത്ത് തിയറ്റർ തുറന്നതോടെ ഒരുപിടി സിനിമകളാണ് റിലീസ് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. തിയറ്റർ വീണ്ടും തുറക്കുമ്പോൾ ആദ്യം ഏത്തുന്ന മലയാളം ചിത്രമാണ് വെള്ളം. മരയ്ക്കാർ അറബികടലിന്റെ സിംഹം, തുറമുഖം തുടങ്ങിയ ചിത്രങ്ങളും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുർമുഖം’ ആണ് ഇപ്പോൾ പുതുതായി റിലീസ് പ്രഖ്യാപിച്ച മറ്റൊരു ചിത്രം. 25 വര്‍ഷത്തെ കരിയറില്‍ മഞ്ജു വാര്യർ ആദ്യമായ് അഭിനയിക്കുന്ന ഹൊറര്‍ സിനിമയാണ് ചതുര്‍മുഖം. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ പ്രത്യേകത മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്. ചിത്രത്തിൽ മഞ്ജു ആദ്യമായ് റോപ്പ് സ്റ്റണ്ടുകള്‍ ചെയ്തതയാണ് റിപ്പോർട്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിട്ടുണ്ട്. ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. ജിസ്‌ ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Top