കേരളത്തിന് ഛത്തീസ്ഗഡ് ഗുഡ്‌സ് ട്രെയിന്‍ നിറയെ അരിയുമായെത്തും, കൂടാതെ മൂന്നു കോടിയും

റായ്പുര്‍: പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിനു കൈത്താങ്ങായി ഛത്തീസ്ഗഡ് സര്‍ക്കാരും രംഗത്ത്.

ഗുഡ്‌സ് ട്രെയിന്‍ നിറയെ അരിയുമായാണ് ഛത്തീസ്ഗഡ് കേരളത്തിലേക്ക് എത്തുന്നത്. ഏഴരക്കോടി രൂപയുടെ അരിയാണ് നല്‍കുന്നതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു.

ഇതു കൂടാതെ മൂന്നു കോടി രൂപയും ഛത്തീസ്ഗഡ് നല്‍കും. ഡോക്ടര്‍മാരും സൈനികരും പൊതുജനങ്ങള്‍വരെ കേരളത്തിനു സഹായവുമായി എത്താന്‍ തയാറാണെന്നും രമണ്‍ സിംഗ് അറിയിച്ചു.

നേരത്തെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി നല്‍കുമെന്ന് അറിയിച്ചിരുന്നു.

അതേസമയം, പ്രളയദുരന്തം നേരിടുന്ന കേരളത്തിന് കൈത്താങ്ങായി മഹാരാഷ്ട്രയും രംഗത്തെത്തിയിട്ടുണ്ട്. 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. കഴിയാവുന്നത്ര സഹായം കേരളത്തിനു നല്‍കാന്‍ തയാറാകണമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കേരളത്തിന് പത്ത് കോടി നല്‍കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം നല്‍കും, കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല ഇക്കാര്യം അറിയിച്ചത്.

Top