ആഗോളതലത്തില്‍ ന്യൂസ് റൂമുകളിലുള്‍പ്പെടെ കടന്ന് കയറി ചാറ്റ് ജിപിടി

ഐ പോലുള്ള ടൂളുകളുടെ ഉപയോഗം ദിനം പ്രതി വര്‍ധിക്കുകയാണ്. അടുത്തകാലത്ത് പുറത്തുവന്ന പഠനറിപ്പോര്‍റ്റുകള്‍ സൂചിപ്പിക്കുന്നത് ആഗോളതലത്തില്‍ പകുതിയോളം ന്യൂസ് റൂമുകളിലും ഇപ്പോള്‍ ചാറ്റ് ജിപിടി പോലെയുള്ള എഐ ടൂളുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നാണ്. വാര്‍ത്ത അവതരിപ്പിക്കുന്നതിനായി എഐ അവതാരകരും സജീവമാകുകയാണ്. ആദ്യം പ്രമുഖ വാര്‍ത്ത സ്ഥാപനമായ ഇന്ത്യ ടുഡേയും പിന്നാലെ മറ്റ് സ്ഥാപനങ്ങളുമെല്ലാം അവരുടെ എഐ വാര്‍ത്ത അവതാരകരെ അവതരിപ്പിച്ചിരുന്നു. ഇത്രയുമധികം സ്വാധീനം വാര്‍ത്തമേഖലകളില്‍ എഐ ചെലുത്തുമ്പോള്‍ വാര്‍ത്തവായനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എഐ ടൂളുകള്‍ ജോലിഭീഷണി ഉയര്‍ത്തി സജീവമാകുമോയെന്നാണ് ഉറ്റുനോക്കുകയാണ് മാധ്യമലോകം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് ജേണലിസം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് എഐ, ജനറേറ്റീവ് എഐ എന്നിവ വാര്‍ത്തകളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം കുറയ്ക്കുമെന്ന് 70 ശതമാനത്തിലധികം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും അവകാശപ്പെട്ടതായി സൂചിപ്പിക്കുന്നുണ്ട്. അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിക്കും അതിന്റെ പ്രധാന കമ്പനിയായ ഓപ്പണ്‍ എഐയ്ക്കുമെതിരെ പകര്‍പ്പവകാശ ലംഘനത്തിന് കേസ് നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് എഐ വ്യവസായത്തോടുള്ള അവിശ്വാസം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

റോയിട്ടേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ടാഗിങ്, ട്രാന്‍സ്‌ക്രൈബിങ്, കോപ്പി എഡിറ്റിങ് തുടങ്ങിയ ബാക്ക്-എന്‍ഡ് ഓട്ടോമേഷന്‍ ജോലികള്‍ക്കാണ് ന്യൂസ് റൂമുകളില്‍ എഐ ടൂളുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. നിരവധി യൂറോപ്യന്‍ മാധ്യമങ്ങള്‍ അവരുടെ ലേഖനങ്ങളുടെ തുടക്കത്തില്‍ എ ഐ ജനറേറ്റഡ് ബുള്ളറ്റ് പോയിന്റുകള്‍ ചേര്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ എഐ സൃഷ്ടിക്കുന്ന ചുരുങ്ങിയ വാര്‍ത്തകള്‍ വായനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ, വായക്കാര്‍ക്ക് എളുപ്പം വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എഐ അധിഷ്ഠിത തലക്കെട്ടുകള്‍ നിരവധി മാധ്യമസ്ഥാപനങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ ഭാഷകളിലെ ട്രാന്‍സ്‌ക്രിപ്ഷന്‍ ടൂളുകളും എഐ ടൂളുകളുടെ സാഹായത്തോടെ മെച്ചപ്പെട്ടിട്ടുണ്ട്.

പക്ഷെ, മറുവശത്ത് എഐ സാങ്കേതികവിദ്യയുടെ കടന്നുവരവ് വാര്‍ത്താ മാധ്യമ രംഗത്ത് തൊഴില്‍ മേഖലയില്‍ വലിയ ഭീഷണികള്‍ ഉയര്‍ത്തുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. എഡിറ്റര്‍ ഇന്‍ ചീഫ്, എഡിറ്റര്‍, പ്രൂഫ് റീഡര്‍, സെക്രട്ടറി, ഫോട്ടോ എഡിറ്റര്‍ തുടങ്ങിയ തസ്തികകള്‍ വരും കാലങ്ങളില്‍ ഇന്നത്തേതുപോലെ നിലനില്‍ക്കില്ലെന്നാണ് ജര്‍മന്‍ മാധ്യമസ്ഥാപനമായ ആക്സല്‍ സ്പ്രിംഗര്‍ എസ്ഇയുടെ കണ്ടെത്തല്‍.

Top