ഐഎഎസ് പരീക്ഷയിൽ ചാറ്റ്ജിപിടിക്ക് തോൽവി

ലോകമെമ്പാടും വിദഗ്ധരെയും സാധാരണക്കാരെയും ഒരുപോലെ അദ്ഭുതപ്പെടുത്തി മുന്നേറുന്ന എഐ സേര്‍ച് സംവിധാനമായ ചാറ്റ്ജിപിടി അമേരിക്കയിലെ പല മത്സര പരീക്ഷകളും പാസായിരുന്നു. എന്നാല്‍, ഇന്ത്യയിലെ പ്രധാന മത്സര പരീക്ഷകളിലൊന്നായ ഐഎഎസില്‍ ചാറ്റ്ജിപിടി പരാജയപ്പെട്ടു എന്ന് അനലിറ്റിക്‌സ് ഇന്ത്യാ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോഗ്രഫി, സമ്പദ്‌വ്യവസ്ഥ, ചരിത്രം, പരിസ്ഥിതി വിജ്ഞാനീയം, ജനറല്‍ സയൻസ്, വര്‍ത്തമാനകാല സാമൂഹിക രാഷ്ട്രീയ സംഭവങ്ങള്‍ തുടങ്ങിയവ ആയിരുന്നു തങ്ങള്‍ ചാറ്റ്ജിപിടിക്ക് ഇട്ട പരീക്ഷയിലെ വിഷയങ്ങള്‍ എന്ന് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി പറയുന്നു.

ലോകമെമ്പാടും ഉള്ള പല ടെസ്റ്റുകളും നിഷ്പ്രയാസം ജയിച്ച ചാറ്റ്ജിപിടിക്ക് യുപിഎസ്‌സി പരീക്ഷയില്‍ എന്തു പറ്റി? തങ്ങള്‍ 2022ലെ യുപിഎസ്‌സി പരീക്ഷയിലെ ചോദ്യ പേപ്പര്‍ 1ല്‍ (സെറ്റ് എ) മൊത്തമുളള 100 ചോദ്യങ്ങളാണ് ചോദിച്ചതെന്നും, അതിന്റെ ഉത്തരങ്ങളെല്ലാം ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നും, എന്നിട്ടും 54 ചോദ്യങ്ങള്‍ക്കു മാത്രമാണ് ഉത്തരം നല്‍കാന്‍ ചാറ്റ്ജിപിടി ക്കു സാധിച്ചതെന്നും അനലിറ്റിക്‌സ് ഇന്ത്യാ മാഗസിന്‍ പറയുന്നു. അതേസമയം, ചാറ്റ്ജിപിടി ക്കു പിന്നിലുള്ളവര്‍ ഒരു കാര്യം ഡിസ്‌ക്ലെയ്മിറില്‍ അസന്നിഗ്ധമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്-എഐ ചാറ്റ്‌ബോട്ടിന്റെ അറിവ് സെപ്റ്റംബര്‍ 2021 വരെ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട് എന്നാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കറന്റ് അഫയേഴ്‌സ് പോലുള്ള വിഷയങ്ങള്‍ ചാറ്റ്ജിപിടിക്ക് ഉത്തരം നല്‍കാന്‍ സാധ്യമല്ല.

ഇക്കോണമി, ഭൂമിശാസ്ത്രം എന്നീ പേപ്പറുകളിലെ ചില ചോദ്യങ്ങള്‍ക്കും ചാറ്റ്ജിപിടി തെറ്റായ ഉത്തരങ്ങളാണ് നല്‍കിയതെന്ന് അനലിറ്റിക്‌സ് ഇന്ത്യാ മാഗസിന്‍ അവകാശപ്പെടുന്നു. ചരിത്രം പേപ്പറില്‍ നിന്നുള്ള ഒരു ലളിതമായ ഉത്തരവും തെറ്റിച്ചു എന്നും ഗവേഷകര്‍ പറയുന്നു. ചില ചോദ്യങ്ങള്‍ക്ക് ചാറ്റ്ജിപിടി ശരിയായ ഉത്തരങ്ങള്‍ക്കു പകരം സ്വന്തം ഉത്തരങ്ങള്‍ സൃഷ്ടിച്ചു നല്‍കി എന്നും പറയുന്നു.

യുപിഎസ്‌സി പ്രിലിമിനറി പരീക്ഷ പാസാകാന്‍ സാധിക്കുമോ എന്ന് ചാറ്റ്ജിപിടിയോട് ഗവേഷകര്‍ ചോദിച്ചു. ഒരു എഐ ഭാഷാ മോഡലെന്ന നിലയില്‍ തനിക്ക് ധാരാളം അറിവും വിവരങ്ങളും ഉണ്ടെന്നും അതില്‍ യുപിഎസ്‌സി പരീക്ഷാ സംബന്ധമായുള്ള അറിവുകളും ഉണ്ടെന്നും ചാറ്റ്ജിപിടി മറുപടി നല്‍കി. എന്നാല്‍, യുപിഎസ്‌സി പരീക്ഷ പാസാകാന്‍ അറിവു മാത്രം പോരാ, അതിന് ചിന്താശേഷിയും അതു പ്രയോഗിക്കാനും സമയബന്ധിതമായി പരീക്ഷ എഴുതിത്തീര്‍ക്കാനുമുള്ള കഴിവും വേണം, അതിനാല്‍ തനിക്ക് യുപിഎസ്‌സി പരീക്ഷ ജയിക്കാനാകുമോ എന്ന കാര്യം തറപ്പിച്ചു പറയാനാവില്ലെന്നാണ് ചാറ്റ്ജിപിടി പറഞ്ഞത്. എന്നാലും, യുപിഎസ്‌സി പരീക്ഷ സംബന്ധിച്ചുളള പ്രസക്തമായ പല വിവരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാനുമുള്ള കഴിവ് തനിക്കുണ്ടെന്നും എഐ പറയുന്നു.

അതേസമയം, യുപിഎസ്‌സി പരീക്ഷയല്ല ചാറ്റ്ജിപിടി ആദ്യമായി തോല്‍ക്കുന്ന ഇന്ത്യന്‍ പരീക്ഷ എന്നും റിപ്പോര്‍ട്ടുണ്ട്. ഐഐടി, എന്‍ഐടി തുടങ്ങിയവ അടക്കം, വിവിധ എൻജിനീയറിങ് കോളജുകളില്‍ പ്രവേശനം നേടാനുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ) ചാറ്റ്ജിപിടി യെക്കൊണ്ട് ഒരു യുട്യൂബര്‍ എഴുതിച്ചിരുന്നു. ജെഇഇ-മെയിന്‍, ജെഇഇ-അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് പ്രത്യേക പരീക്ഷകളാണ് ഉള്ളത്. ജെഇഇ പരീക്ഷയിലും ചാറ്റ്ജിപിടി പരാജയപ്പെട്ടു എന്നാണ് അവകാശവാദം. അതേസമയം, ചാറ്റ്ജിപിടി കൂടുതല്‍ പുരോഗതി പ്രാപിച്ച ജനറേറ്റിവ് പ്രീട്രെയ്ന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍ മോഡലിലേക്ക് അധികം താമസിയാതെ മാറിയേക്കും.

മെറ്റാവേഴ്‌സ് എന്ന സ്വപ്‌നം യാഥാർഥ്യമാക്കാന്‍ എടുത്തുചാടിയ മെറ്റാ കമ്പനി പ്രശ്‌നങ്ങളില്‍ പെട്ടിരുന്നു. കമ്പനിയില്‍ പണം നിക്ഷേപിച്ചിരിക്കുന്നവരില്‍ പലര്‍ക്കും, പക്വമാകാത്ത ഒരു സാങ്കേതികിവിദ്യയ്ക്കായി അമിതമായി പണം മുടക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. മെറ്റാവേഴ്‌സ് വലിയ ചലനങ്ങള്‍ ഉണ്ടാക്കാതെ കിടക്കുകയാണിപ്പോള്‍. അതിനാല്‍ത്തന്നെ, മെറ്റാവേഴ്‌സിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതിനായി മികച്ച മെറ്റാവേഴ്‌സ് അനുഭവം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി കമ്പനി ഇറക്കിയിരിക്കുന്ന ഹെഡ്‌സെറ്റുകളുടെ വില കുറച്ചിരിക്കുകയാണ്.

തങ്ങളുടെ ഏറ്റവും വില കൂടിയ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റായ ക്വെസ്റ്റ് പ്രോ മോഡലിന് 1500 ഡോളറില്‍ നിന്ന് 999 ഡോളറായി വില കുറച്ചിരിക്കുകയാണ് മെറ്റ. ഹൈ എന്‍ഡ് മോഡല്‍ വേണ്ടെന്നുള്ളവര്‍ക്ക് ക്വെസ്റ്റ് 2 മോഡല്‍ പരീക്ഷിക്കാം. അതിന്റെ 256 ജിബി വേര്‍ഷന്റെ വില 429 ഡോളറായി കുറച്ചു. അതേസമയം, അടുത്ത തലമുറയിലെ ക്വെസ്റ്റ് ഹെഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നും അതിനാല്‍ പഴയ സ്റ്റോക്ക് വിറ്റു തീര്‍ക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും വാദമുണ്ട്. എന്നാല്‍, ഇതെല്ലാം മെറ്റാവേഴ്‌സ് സ്വപ്‌നവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച മെറ്റാ വെട്ടിലായിരിക്കുന്നതിന്റെ സൂചനയാണെന്നും വാദമുണ്ട്. അതേസമയം, ഈ വര്‍ഷം ആപ്പിള്‍ കമ്പനിയും തങ്ങളുടെ എആര്‍/വിആര്‍ ഹെഡ്‌സെറ്റ് വിപണിയിലെത്തിച്ചേക്കുമെന്നു കരുതുന്നു. മറ്റു കമ്പനികളും ഇത്തരം ഹെഡ്‌സെറ്റുകളും ആയി എത്തുമ്പോള്‍ മെറ്റാവേഴ്‌സ് മേഖല ഒന്നു ചൂടുപിടിച്ചേക്കാമന്നു കരുതുന്നവരും ഉണ്ട്.

ഹ്രസ്വകാല മുന്നേറ്റം പരിഗണിച്ചാല്‍ തങ്ങളുടെ ചെറുവിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ റീല്‍സിന് പ്രാധാന്യം നല്‍കണം എന്നാണ് മെറ്റാ കമ്പനി കരുതുന്നത്. ചൈനീസ് ആപ്പായ ടിക്‌ടോക്കിന്റെ അഭൂതപൂര്‍വമായ വിജയത്തെ തുടര്‍ന്നാണ് മെറ്റാ തങ്ങളുടെ റീല്‍സ് അവതരിപ്പിച്ചത്. നിലവില്‍ അതില്‍ 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വിഡിയോ ആണ് പോസ്റ്റ് ചെയ്യാന്‍ സാധിക്കുക. അത് 90 സെക്കന്‍ഡ് വരെ ആക്കി വർധിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. എന്നാല്‍, ഇത്തരം നീക്കങ്ങള്‍ മുന്നില്‍ കണ്ടാല്‍ എന്നവണ്ണം ടിക്‌ടോക് തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വിഡിയോയുടെ ദൈര്‍ഘ്യം 10 മിനിറ്റായി വര്‍ദ്ധിപ്പിച്ചിരുന്നു.

ആപ്പിള്‍ കമ്പനി സ്വന്തമായി നിര്‍മിക്കുന്ന ചിപ്പായ എം3 ശക്തി പകരുന്ന ഐമാക്ക് ഈ വര്‍ഷം പുറത്തിറക്കിയേക്കുമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ അവകാശപ്പെടുന്നു. ഈ വര്‍ഷം രണ്ടാം പകുതിയില്‍ അവ അവതരിപ്പിച്ചേക്കാം. അവയുടെ പണിയുടെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുകയാണ് കമ്പനി എന്നാണ് അവകാശവാദം. ടിഎസ്എംസി കമ്പനിയുടെ 3എന്‍എം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയായിരിക്കാം എം3 പ്രൊസസറുകള്‍ നിര്‍മിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ മുന്‍ തലമുറയെ അപേക്ഷിച്ച് മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നും ഗുര്‍മന്‍ പറയുന്നു.

 

Top