ചാറ്റ് ജി.പി.ടി. നിര്‍മാതാക്കള്‍ക്കെതിരെ കരാര്‍ ലംഘനത്തിന് കേസ് നല്‍കി ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ചാറ്റ് ജി.പി.ടി. നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ.യ്ക്കും സി.ഇ.ഒ. സാം ഓള്‍ട്ട്മാനുമെതിരേ കരാര്‍ ലംഘനത്തിന് കേസ് നല്‍കി ഇലോണ്‍ മസ്‌ക്. 2015 ല്‍ ഓപ്പണ്‍ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാര്‍ വ്യവസ്ഥകള്‍ ഓള്‍ട്ട്മാനും കമ്പനിയും ലംഘിച്ചുവെന്നാണ് മസ്‌കിന്റെ ആരോപണം.

സാന്‍ഫ്രാന്‍സിസ്‌കോ കോടതിയിലാണ് കേസ്. മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്ന നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ഓപ്പണ്‍ സോഴ്സ്, നോണ്‍ പ്രോഫിറ്റ് കമ്പനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാം ഓള്‍ട്ട്മാനും സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്ക്മാനും തന്നെ സമീപിച്ചത് .ഈ സ്ഥാപകലക്ഷ്യം കമ്പനി ഉപേക്ഷിച്ചെന്ന് മസ്‌ക് പറയുന്നു.

ലാഭം തേടിയുള്ള കമ്പനിയുടെ ലക്ഷ്യങ്ങള്‍ ആ കരാറിന്റെ ലംഘനമാണെന്ന് മസ്‌കിന്റെ അഭിഭാഷകര്‍ പറഞ്ഞു. സംഭവത്തില്‍ ഓപ്പണ്‍ എഐയും സാം ഓള്‍ട്ട്മാനും പ്രതികരിച്ചിട്ടില്ല. 2015 മസ്‌കിന്റെ പങ്കാളിത്തതോടെയാണ് ഓപ്പണ്‍ എഐയ്ക്ക് തുടക്കമിട്ടത്. പിന്നീട് കമ്പനിയുടെ സിഇഒ സ്ഥാനവും വഹിച്ച മസ്‌ക് 2018 ലാണ് കമ്പനിയിലെ ബോര്‍ഡ് അംഗത്വത്തില്‍ നിന്ന് പുറത്ത് പോയത്. 2022ല്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ട ചാറ്റ് ജിപിടി എഐ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കണ്ടുപിടുത്തമായിരുന്നു. ചാറ്റ് ജിപിടിയുടെ വരവോടെയാണ് എഐ രംഗത്ത് ജനറേറ്റീവ് എഐ മത്സരം ശക്തമായത്. ഗൂഗിള്‍, മെറ്റ, ഇലോണ്‍ മസ്‌കിന്റെ തന്നെ ഗ്രോക്ക് എന്നിവരെല്ലാം ചാറ്റ് ജിപിടിയ്ക്ക് എതിരാളികളായുള്ള എഐ ചാറ്റ്ബോട്ടുകള്‍ രംഗത്തിറക്കിയിട്ടുണ്ട്.

Top