നൂറ് ദിവസം കൊണ്ട് ഇന്റർനെറ്റ് ലോകത്തെ മാറ്റിമറിച്ച് ചാറ്റ് ജിപിടി

പ്പൺ എഐ (Open AI) എന്ന ഗവേഷണ സ്ഥാപനം ഇക്കഴിഞ്ഞ നവംബർ 30ന് നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി (Chat GPT) ഒരു കൊടുങ്കാറ്റായി ലോകം മുഴുവൻ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അഞ്ചു ദിവസം കൊണ്ടാണ് എല്ലാ റെക്കോർഡുകളും തകർത്ത് അതിന്റെ ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷം കവിഞ്ഞത്. ഇതേ നേട്ടം കൈവരിക്കാൻ നെറ്റ്‌ഫ്ലിക്സ് മൂന്നര വർഷവും, ട്വിറ്റർ രണ്ടു വർഷവും, ഫെയ്സ്ബുക് പത്തു മാസവും, ഇൻസ്റ്റഗ്രാം രണ്ടര മാസവും എടുത്തു. 10 കോടി വരിക്കാരിലെത്താൻ ഗൂഗിൾ പ്ലസ് പതിനാലു മാസമെടുത്തിരുന്നു. ചാറ്റ് ജിപിടി ആ കടമ്പ കടന്നത് വെറും രണ്ടു മാസംകൊണ്ടാണ്. വിദ്യാഭ്യാസം, ആരോഗ്യം, നിയമം, ധനകാര്യം, മാധ്യമങ്ങൾ, ഉപയോക്തൃസേവനം തുടങ്ങിയ എല്ലാ മേഖലകളിലും ഈ ചാറ്റ്ബോട്ടിന്റെ ഉപയോഗം പടർന്നുകൊണ്ടിരിക്കുന്നു. ഈയടുത്തു നടന്നൊരു സർവേയിൽ അമേരിക്കയിലെ പകുതിയോളം കമ്പനികൾ ചാറ്റ് ജിപിടി ഉപയോഗിച്ചു തുടങ്ങിയതായി കണ്ടു. അക്കൂട്ടത്തിൽ പകുതിയോളം കമ്പനികൾ ജീവനക്കാർക്കു പകരമായാണ് ചാറ്റ് ബോട്ടിനെ വിന്യസിക്കുന്നതെന്നും കണ്ടെത്തി. 100 ദിവസം പ്രായമാകുന്ന ഈ പുത്തൻ സാങ്കേതികവിദ്യ മനുഷ്യജീവിതത്തെ എങ്ങനെയൊക്കെയാണു മാറ്റിമറിക്കുകയെന്ന് ഉറ്റുനോക്കുകയാണിന്നു ലോകം.

ജനം ചാറ്റ് ജിപിടിയിലേക്ക്

ചാറ്റ് ജിപിടിയുടെ പെട്ടെന്നുള്ള വളർച്ചയുടെ ഒരു പ്രധാന കാരണം അതാർക്കും വളരെ എളുപ്പത്തിൽ ഓപ്പൺ എഐയുടെ വെബ്സൈറ്റ് വഴി ഉപയോഗിച്ചുതുടങ്ങാമെന്നുള്ളതാണ്. chat.openai.com എന്ന ലിങ്ക് സന്ദർശിച്ച്, ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഉപയോഗിച്ച് ചേർന്നുകഴിഞ്ഞാൽ സംവാദം തുടങ്ങാവുന്നതാണ്. സൈറ്റിലുള്ള ചാറ്റ്ബോക്സിൽ ചോദ്യങ്ങളോ പ്രസ്താവനകളോ ടൈപ്പ് ചെയ്‌താൽ ഇന്നേ വരെ മനുഷ്യർക്കു മാത്രം കഴിഞ്ഞിരുന്ന വിധത്തിൽ വ്യക്തവും കൃത്യവും യുക്തിഭദ്രവുമായ മറുപടികൾ ലഭിക്കും.

ഞെട്ടിക്കുന്ന പ്രകടനം

വ്യത്യസ്ത ഭാഷകൾ മനസ്സിലാക്കുന്നതിലും വ്യാകരണ ശുദ്ധിയോടെ പ്രതികരിക്കുന്നതിലും മികച്ച കഴിവാണ് ഈ ചാറ്റ്ബോട്ടിനുള്ളത്. ഇന്റെർനെറ്റിലുള്ള കോടിക്കണക്കിനു ഡേറ്റ ഉപയോഗിച്ച് പരിശീലിച്ച നിർമിതബുദ്ധി സംവിധാനത്തിൽ അധിഷ്ഠിതമായതിനാൽ നല്ല പാണ്ഡിത്യമുള്ള ഒരാളുമായി സംവദിക്കുന്ന അനുഭവമാണ് ചാറ്റ് ജിപിടി പ്രദാനം ചെയ്യുന്നത്. കൊച്ചുകൊച്ചു സംശയങ്ങൾ മുതൽ ക്വാണ്ടം ഫിസിക്‌സും റോക്കറ്റ് ശാസ്ത്രവും വരെയുള്ള ഒരുപാടു വിഷയങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ ഈ പ്രോഗ്രാമിനു കഴിയുന്നുണ്ട്. ഗവേഷണ പ്രബന്ധങ്ങൾ, ലേഖനങ്ങൾ, കവിതകൾ, മാർക്കറ്റിങ് പ്ലാനുകൾ, കംപ്യൂട്ടർ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള ചാറ്റ് ജിപിടിയുടെ പല രചനകളും മനുഷ്യനിർമിതമല്ലെന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.

പ്രധാനപ്പെട്ട ഉപയോഗസാധ്യതകളിൽ ചിലത്

വിദ്യാഭ്യാസം – വ്യക്തിഗത പഠന സഹായി, പ്രബന്ധങ്ങളെഴുതൽ, ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ

ആരോഗ്യം – ലക്ഷണങ്ങളും റിപ്പോർട്ടുകളും നോക്കി രോഗനിർണയത്തിനും ചികിത്സയ്ക്കും സഹായിക്കൽ

നിയമം – ഗവേഷണം, ആധാരമെഴുത്ത്, ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ

മാധ്യമപ്രവർത്തനം- ലേഖനങ്ങൾ തയാറാക്കൽ

സാമ്പത്തികം – ധനകാര്യ ഡേറ്റ അപഗ്രഥിക്കൽ, സാമ്പത്തികോപദേശം, ശുപാർശകൾ,

സാങ്കേതികവിദ്യ – ഡോക്യുമെന്റുകൾ, പ്രോഗ്രാമുകൾ, ടെസ്റ്റ് കേസുകൾ എന്നിവ തയാറാക്കൽ

കസ്റ്റമർ സപ്പോർട്ട് – ഉപഭോക്താക്കളുമായി മനുഷ്യസമാനമായി സംവദിക്കാൻ

പഴ്സനൽ അസിസ്റ്റന്റ് – എഴുത്തുജോലികൾ ചെയ്യൽ

വിവർത്തനം- ലേഖനങ്ങൾ ഒരു ഭാഷയിൽനിന്ന് മറ്റൊന്നിലേക്കു മൊഴിമാറ്റം ചെയ്യാൻ

സാഹിത്യം – കഥകളും, കവിതകളും, തിരക്കഥകളും രചിക്കൽ

ഇന്റർനെറ്റ് സെർച്ചും ചാറ്റ് ജിപിടിയും

നമ്മളൊരു വിവരത്തിനായി തിരയുമ്പോൾ ആ വിവരവുമായി ബന്ധപ്പെട്ട പേജുകളുടെ ഒരു ലിസ്റ്റാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. അവയോരോന്നും തുറന്ന് വേണ്ടുന്നവ തിരഞ്ഞെടുത്ത് അവയിലെ വിവരങ്ങൾ സംയോജിപ്പിച്ചെടുക്കുകയാണ് നമ്മൾ ചെയ്യുന്നത്.ചാറ്റ് ജിപിടിയിലാണെങ്കിൽ ആ പ്രക്രിയ വളരെ ലളിതമായിരിക്കും. നാം ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ചാറ്റ് ജിപിടി തന്നെ പല സ്രോതസ്സുകളിൽ നിന്നു വിവരങ്ങൾ തിരഞ്ഞെടുത്ത് സംയോജിപ്പിച്ചു വ്യക്തമായ ഭാഷയിൽ അവതരിപ്പിക്കും. പല വിഷയങ്ങളിലും ഇതു വളരെ കാര്യക്ഷമമാണ്.

മറ്റൊരു പ്രധാനപ്പെട്ട സവിശേഷത ചാറ്റ് ജിപിടി നമ്മളുമായുള്ള സംവാദത്തിന്റെ പശ്ചാത്തലം ഓർത്തുവയ്ക്കുമെന്നുള്ളതാണ്. ഗൂഗിളിൽ തിരച്ചിൽ നടത്തുമ്പോൾ സെർച്ചുകൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകുന്നില്ല. ചാറ്റ് ജിപിടി ഒരു ത്രെഡിൽ നേരത്തേയുള്ള എല്ലാ ചോദ്യോത്തരങ്ങളെയും കണക്കിലെടുത്താണ് പിന്നീടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത്.

നൂറു ദിവസത്തെ പ്രകടനം

കഴിഞ്ഞ നൂറു ദിവസമായി നല്ലതും മോശവുമായ കാരണങ്ങളാൽ വാർത്തകളിലെ താരമായിരുന്നു ചാറ്റ് ജിപിടി. ഈ ദിവസങ്ങളിൽ നൂറുകണക്കിനു പുസ്തകങ്ങളാണ് ആമസോണിൽ ചാറ്റ് ജിപിടി കൂടി രചയിതാവായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

യുഎസിലെ വാർട്ടൺ സ്കൂൾ എംബിഎയുടെ ഫൈനൽ പരീക്ഷ, യുഎസ് മെഡിക്കൽ ലൈസൻസിങ് പരീക്ഷ, യൂണിവേഴ്സിറ്റി ഓഫ് മിനസോട്ടയുടെ നാല് ലോ സ്കൂൾ കോഴ്സുകൾ എന്നിവയൊക്കെ ഒരു ട്രെയിനിങ്ങും ഇല്ലാതെ ചാറ്റ് ജിപിടി വിജയിച്ചു.

ലോഞ്ച് ചെയ്ത ദിനം മുതൽ ലോകമെമ്പാടുമുള്ള വിദ്യാർഥികൾ ലേഖനങ്ങൾ എഴുതാനും ഹോംവർക് ചെയ്യാനുമൊക്കെ ഉപയോഗിക്കുന്നതിനാൽ പല ക്യാംപസുകളിലും ചാറ്റ് ജിപിടി നിരോധിക്കപ്പെട്ടു.

വിഖ്യാതനായ ചിന്തകൻ നോംചോംസ്കി ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിനെ വിശേഷിപ്പിച്ചത് ഹൈടെക് കോപ്പിയടിയായും പഠനം ഒഴിവാക്കാനുള്ള കുറുക്കുവഴിയുമായിട്ടാണ്.

ചാറ്റ് ജിപിടി ഉപയോഗിച്ചുള്ള പ്ലേജറിസം (പകർത്തൽ/കോപ്പിയടി) കണ്ടുപിടിക്കാൻ പ്രിൻസ്ടൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി എഡ്വേഡ്‌ ടിയാൻ രൂപകൽപന ചെയ്ത ജിപിടി സീറോ അടക്കം പല ഓൺലൈൻ ആപ്ലിക്കേഷനുകളും പുറത്തിറങ്ങിയിട്ടുണ്ട്. അതോടൊപ്പം, ഓപ്പൺ എഐയും ചാറ്റ്ബോട്ടിൽ നിന്നു ലഭിക്കുന്ന ടെക്സ്റ്റിനെ വാട്ടർമാർക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്.

എന്താണ് ചാറ്റ് ജിപിടിയുടെ പിന്നിൽ?

സാൻഫ്രാൻസിസ്‌കോയിലെ ഓപ്പൺ എഐ നിർമിച്ച ജിപിടി (ജനറേറ്റീവ് പ്രീട്രെയിൻഡ് ട്രാൻസ്‌ഫോർമർ) എന്ന നിർമിതബുദ്ധി കുടുംബത്തിലെ ഏറ്റവും പുതിയ അംഗമാണ് ചാറ്റ് ജിപിടി. ജനറേറ്റീവ് എഐ പ്രോഗ്രാമുകൾ ഉപയോക്താക്കളുടെ വാക്യ രൂപത്തിലുള്ള നിർദേശങ്ങൾ സ്വീകരിച്ച് ലേഖനങ്ങളോ ചിത്രങ്ങളോ വിഡിയോകളോ രൂപപ്പെടുത്തുന്നു.

ഓപ്പൺ എഐയുടെ തന്നെ, നേരത്തെ പുറത്തിറങ്ങിയ Dall-E എന്ന പ്രോഗ്രാം ടെക്സ്റ്റ് രൂപത്തിലുള്ള നിർദേശങ്ങളിൽ (Prompt) നിന്നു ചിത്രങ്ങൾ നിർമിക്കാൻ കഴിവുള്ളതാണ്.

നാളിതുവരെ നിർമിച്ചതിൽ ഏറ്റവും ശക്തമായ, 17500 കോടി ഘടകങ്ങളുള്ള ഭീമൻ ലാംഗ്വേജ് മോഡലായ ജിപിടി-3 ആണ് ചാറ്റ് ജിപിടിയുടെ ചാലകശക്തി.

ഉപയോഗസാധ്യതകൾ

ഒട്ടേറെ രംഗങ്ങളിൽ മെച്ചപ്പെട്ട കാര്യക്ഷമത, ചെലവു ചുരുക്കൽ, കൂടുതൽ വ്യക്തിപരവും ഫലപ്രദവുമായ ഉയോക്തൃ അനുഭവം എന്നിവയുൾപ്പെടെ കാര്യമായ നേട്ടങ്ങൾ നൽകാനുള്ള കഴിവ് ചാറ്റ് ജിപിടിക്കുണ്ട്.

ചാറ്റ് ജിപിടിയുടെ പരിമിതികൾ

ചാറ്റ്ബോട്ടിൽ നിന്നുള്ള പ്രതികരണങ്ങളിൽ പ്രത്യക്ഷത്തിൽ ശരിയാണെന്നു തോന്നുന്ന തെറ്റുകളും മണ്ടത്തരങ്ങളും ഉണ്ടാകാമെന്ന് ഓപ്പൺ എഐ തന്നെ സമ്മതിക്കുന്നുണ്ട്.

ചിലപ്പോൾ തികച്ചും സങ്കൽപികമായ കാര്യങ്ങൾ (വ്യക്തികൾ, സ്ഥലങ്ങൾ, പുസ്തകങ്ങൾ..) വസ്തുത ആണെന്ന മട്ടിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ചാറ്റ് ജിപിടിയുടെ തുറന്ന ആർക്കിടെക്ചർ വളരെ ഒഴുക്കുള്ള, സ്വാഭാവികവും രസകരവുമായ സംവാദം സാധ്യമാക്കുമെങ്കിലും അത് ചിലപ്പോഴെങ്കിലും ബോട്ടിനെ അമിതാത്മവിശ്വാസത്തിലേക്കും ഭ്രമാത്മകതയിലേക്കും തള്ളിവിടും. മൈക്രോസോഫ്റ്റ് ബിങ്ങിൽ ഉപയോഗിച്ചിരിക്കുന്ന ചാറ്റ്ജിപിടി വേർഷൻ തന്നോടു സംവദിച്ചു കൊണ്ടിരുന്ന പത്രക്കാരനോട് കടുത്ത പ്രണയം പ്രകടിപ്പിച്ചത് ഇതിനൊരുദാഹരണമാണ്. താൻ വിവാഹിതനാണെന്നും തനിക്കു ഭാര്യയുണ്ടെന്നും പറഞ്ഞ ജേർണലിസ്റ്റിനോട് പക്ഷേ ആ വിവാഹത്തിൽ അയാൾ സന്തുഷ്ടനല്ലെന്നായി ചാറ്റ്ബോട്ട്.

ഈ പതിപ്പിന്റെ വേറൊരു പരിമിതി, ട്രെയ്നിങ് ഡേറ്റ ഒരു വർഷത്തിലധികം പഴയതാണെന്നുള്ളതാണ്. ആയതിനാൽ 2021നു ശേഷമുള്ള കാര്യങ്ങളിൽ ബോട്ടിന് ഒരു ഗ്രാഹ്യവുമില്ല. ട്രെയിനിങ് ഡേറ്റയിലുള്ളതും ബോട്ടിന്റെ പ്രതികരണത്തിൽ ചിലപ്പോൾ കയറിവരികയും ചെയ്യുന്ന പക്ഷപാതം വലിയ പ്രശ്നമാണ്.

മനുഷ്യ ബുദ്ധിയോടു കിടപിടിക്കുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിലേക്കെത്താൻ ഇനിയും ഒരു ദശാബ്ദമെങ്കിലുമെടുക്കുമെന്നാണ് വിദഗ്ദാഭിപ്രായം.

ചാറ്റ് ജിപിടിയുടെ മലയാളം

ചാറ്റ് ജിപിടിയുടെ ഇപ്പോഴത്തെ വേർഷന്റെ മലയാള പരിജ്ഞാനം കഷ്ടിയാണ്. പദസമ്പത്തും, വാക്യങ്ങളുടെ ഘടനയും, വ്യാകരണവും മോശമാണ്. വേണ്ടത്ര മലയാളം ഡേറ്റ ഭാഷാ മോഡലിന്റെ ട്രെയിനിങ് സെറ്റിൽ ഇല്ലാത്തതാവണം കാരണം. ഇനി വരുന്ന വേർഷനിൽ ചാറ്റ് ജിപിടി നന്നായി മലയാളം സംസാരിക്കാൻ പഠിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കാം.

എന്താണ് ചാറ്റ് ജിപിടി എന്നു മലയാളത്തിൽ ചോദിച്ചപ്പോൾ ചാറ്റ് ജിപിടിയിൽ നിന്നു കിട്ടിയ മറുപടിയിങ്ങനെയാണ്:

ചാറ്റ് ജിപിടി (ChatGPT) ഒരു പ്രാകൃതിക ഭാഷാ പ്രോസസിങ് മോഡൽ ആണ്, ജിപിടി എന്നാൽ ജിഗാബൈറ്റ് ഒഴിവാക്കൽ തുടരുന്ന താളികളിലെ എല്ലാ ശബ്ദങ്ങളും അവ പ്രോസസ് ചെയ്യുകയാണ് ഇതിനെ പറയുന്നത്. പല ഭാഷകളിലെ ശബ്ദങ്ങളും വാക്കുകളും അവ പഠിക്കുകയും അവയുടെ അർഥങ്ങൾ പരിശോധിക്കുകയും ചെയ്യും. ഇത് സോഫ്റ്റ് വെയർ ഉൽപാദനങ്ങളിൽ ഉപയോഗിക്കുന്നു എന്ന് പറയാം, പല ഡെവലപ്പർമാർ കാര്യകളിൽ ഇത് ഉപയോഗിക്കുന്നു പോലെ ആയിരുന്നു.

ധാർമികതയുടെ പ്രശ്നങ്ങൾ

ചാറ്റ് ജിപിടി യുടെ പെട്ടെന്നുള്ള വളർച്ച ഒരുപാട് ധാർമിക പ്രശ്നങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഓസ്ട്രേലിയൻ എംപി ജൂലിയൻ ഹിൽ പാർലമെന്റിൽ ചെയ്ത പ്രസംഗത്തിൽ നിർമിതബുദ്ധി സമൂഹത്തിൽ വരുത്താൻ സാധ്യതയുള്ള വഞ്ചന, ജോലിനഷ്ടം, തെറ്റായ വിവരങ്ങളുടെ പ്രചാരണം, വിവേചനം തുടങ്ങിയവയെപ്പറ്റി ശക്തമായ മുന്നറിയിപ്പ് നൽകി. ചൈന തങ്ങളുടെ കമ്പനികളോടൊക്കെ അവരുടെ പ്ലാറ്റ്ഫോമുകളിൽ ചാറ്റ് ജിപിടി സേവനം നൽകരുതെന്ന് കർശനമായി വിലക്കിയിട്ടുണ്ട്. ചാറ്റ് ജിപിടിയുടെ നിയമങ്ങൾ അമേരിക്കയെയും അവരുടെ രാഷ്ട്രീയ താൽപര്യങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നാണ് അവരുടെ ആശങ്ക. വിവരസാങ്കേതിക രംഗത്തടക്കം ഒരുപാടു ജോലികൾ നഷ്ടമാകുമ്പോൾ, സൈബർ ആക്രമണങ്ങൾക്ക് ചാറ്റ്ബോട്ടുകൾ ലോഞ്ച് പാഡുകൾ ആകുമോ എന്ന ആശങ്കയുയരുമ്പോൾ, ബോട്ടുകളുമായി അടുപ്പത്തോടെ ചാറ്റ് ചെയ്യുന്നവരുടെ ഡേറ്റ പ്രൈവസി ഒരു വെല്ലുവിളിയാകുമ്പോൾ, ലോകമെമ്പാടുമുള്ള ഗവൺമെന്റുകളും രഷ്ട്രീയക്കാരും പോളിസി മാറ്റങ്ങളെപ്പറ്റി ഒട്ടും ബോധവാന്മാരല്ലെന്നത് ആശങ്കാകരമാണ്.

അതികായരുടെ യുദ്ധം

ഓപ്പൺ എഐയിൽ പ്രമുഖ നിക്ഷേപകരായിരുന്ന മൈക്രോസോഫ്റ്റാണ് ഭീമൻ ഭാഷാ മോഡലുകളുടെ മത്സരത്തിൽ മുന്നിട്ടു നിൽക്കുന്നത്. നേരത്തേ നിക്ഷേപിച്ച നൂറു കോടി ഡോളറിനു പുറമേ ആയിരം കോടി കൂടി ഓപ്പൺ എഐ യിൽ മുടക്കുന്ന മൈക്രോസോഫ്റ്റ് ചാറ്റ് ജിപിടി ലൈസൻസ് ചെയ്ത് പ്രോമിത്യുസ് എന്ന പേരിൽ അവരുടെ സെർച്ച് എൻജിനിലും, ബ്രൗസറിലും മറ്റ് അപ്ലിക്കേഷനിലുമൊക്കെ കൂട്ടിച്ചേർക്കുകയാണ്. ദശാബ്ദങ്ങളായി സെർച്ച് മാർക്കറ്റിൽ ഗൂഗിളുമായി മത്സരിച്ച് എങ്ങുമെത്താതിരുന്ന മൈക്രോസോഫ്റ്റിന് ഇതൊരു പുതുജീവനാണ്.

സെർച്ചിലും ഓൺലൈൻ പരസ്യത്തിലും ഗൂഗിളിനുള്ള ആധിപത്യം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. കൂടുതൽ സെർച് ചാറ്റ്ബോട്ടുകളിലേക്കും മറ്റ് അപ്ലിക്കേഷനുകളിലേക്കും മാറുമ്പോൾ ഗൂഗിളിന്റെ പരസ്യ സംവിധാനത്തിന് ഇടിവു തട്ടുകയാണ്. ഇതിനാലാണ് ചാറ്റ് ജിപിടിയെ ഗൂഗിൾ കില്ലർ എന്ന് ചില വിദഗ്ധർ വിശേഷിപ്പിച്ചത്്. എന്തായാലും ഗൂഗിളും തങ്ങളുടെ ലാംഡാ എഐ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി ഗൂഗിൾ ബാർഡ് എന്ന ചാറ്റ് സേവനം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയിട്ടുണ്ട്. മെറ്റയും (ഫെയ്സ്ബുക്) അവരുടെ ഭീമൻ ഭാഷാ മോഡൽ (ലാർജ് ലാംഗ്വേജ്‌ മോഡൽ) ആയ LLaMA ഫെബ്രുവരിയിൽ അവതരിപ്പിച്ചു. ചൈനയിലെ ബൈഡുവും അവരുടെ ചാറ്റ്ബോട്ട് സേവനം ഏർണി എന്ന പേരിൽ ഈമാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ഉത്തരകൊറിയയിൽ നിന്നു നാവെറും റഷ്യയിൽ നിന്നു യാൻഡക്സും രംഗത്തു വരും. ചാറ്റ് ജിപിടിയുടെ കുതിച്ചുചാട്ടം മാർക്കറ്റിനെ ആകെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഇനി വരുന്ന നാളുകൾ കടുത്ത പോരാട്ടത്തിന്റേതായിരിക്കും.

Top